Your Image Description Your Image Description

കുട്ടനാട് മേഖലയിലെ ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നുമുള്ള നെല്ല് സർക്കാർ നേരിട്ട് സംഭരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് നെല്ലിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടായതിനാൽ സപ്ലൈകോയുമായി സംഭരണത്തിന് കരാറുള്ള മില്ലുകൾ നെല്ല് എടുക്കാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ്  നെല്ല് സംഭരിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ മൂന്ന് കോടി രൂപ സർക്കാർ പ്രത്യേക പാക്കേജായി അനുവദിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് നെല്ല് സംഭരിക്കുന്നത്. നെല്ലിന്റെ ഗുണ നിലവാരം ഉറപ്പാക്കി കൃഷി വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന തുക സംഭരണ വിലയായി കർഷകർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

കൃഷി വകുപ്പും സപ്ലൈകോയും ചേർന്ന് സംഭരിക്കേണ്ട നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന നെല്ല് വിപണി സാധ്യതകളുള്ള ഉപ ഉല്പന്നങ്ങളാക്കും. ബാക്കിയുള്ളവ ലേലം ചെയ്യും. നിശ്ചയിക്കുന്ന സംഭരണ വില കർഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്നതിന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി നേരിട്ട പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും സപ്ലൈകോ മാനേജിങ് ഡയറക്ടർഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒരാഴച്ചക്കകം നടപടികൾ സ്വീകരിച്ചു നെല്ല് സംഭരണം പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പുന്നപ്ര നോർത്ത്ആലപ്പുഴ മുനിസിപ്പാലിറ്റിതകഴികരുവാറ്റഅമ്പലപ്പുഴ സൗത്ത്നെടുമുടികൈനകരിപുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾപ്പെട്ട എഴുപതോളം പാടശേഖരങ്ങളിലാണ് ഉപ്പ് വെള്ളം കയറി ഭീഷണി നേരിട്ടത്. ലവണാംശം കൂടിയത് നെൽകൃഷിയെയുംഉല്പാദനക്ഷമതയേയും സാരമായി ബാധിച്ചു. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കൃഷി നാശത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കുവാൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊയ്‌തെടുത്ത നെല്ലിൽ ഫെയർ ആവറേജ് ക്വാളിറ്റി നിലവാരമുള്ള നെല്ല് സപ്ലൈകോയുടെ നിലവിലുള്ള സംഭരണ പ്രക്രിയയിലൂടെ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *