Your Image Description Your Image Description

മൊബൈൽ ഉപയോക്താക്കൾ നേരിടുന്ന നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വലിയ ചുവടുവെപ്പുകള്‍ നടത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്ത്യയിലുടനീളം 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും 9 കോടിയിൽ അധികം ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി നൽകുക എന്നതാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ലക്ഷ്യം.

ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഈ 4ജി ടവറുകൾ ഉടൻ തന്നെ 5ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അടുത്തിടെ അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി ഇതുസംബന്ധിച്ച ഒരു അപ്‌ഡേറ്റ് പങ്കിട്ടു. ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ 83.99% ഇതിനകം പൂർത്തിയായെന്നും ഏകദേശം 84,000 ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം മുതൽ ബി‌എസ്‌എൻ‌എൽ തങ്ങളുടെ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 4ജി ടവറുകളുടെ പൂർണ്ണമായ ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, 2025 ജൂണോടെ 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.

ഇതിനകം തന്നെ നിരവധി നഗരങ്ങളിൽ 5ജി വാഗ്ദാനം ചെയ്യുന്ന ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കുന്നതിൽ ബിഎസ്എൻഎല്ലിന് ഇതൊരു പ്രധാന ചുവടുവയ്പ്പായിരിക്കും. ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ പുതിയ നീക്കങ്ങൾ രാജ്യവ്യാപകമായി ഉപയോക്താക്കൾക്ക് വലിയ ഉത്തേജനമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *