Your Image Description Your Image Description

ആളുകൾക്കിടയിൽ എപ്പോഴും കൗതുകമുണർത്തുന്നവയാണ് ആകാശം മുട്ടി നിൽക്കുന്ന പർവ്വതങ്ങൾ. എന്നാൽ ഈ പർവതങ്ങൾ കടലിനടിയിലാണെങ്കിലോ? കടലിനടിയിൽ ഒരു ലക്ഷത്തിലധികം പർവ്വതങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. സമുദ്രത്തിനടിയിലെ ആയിരക്കണക്കിന് മലനിരകളെ കാണിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഉയർന്ന റെസല്യൂഷനുള്ള ഭൂപടമാണ് നാസയിലെ ശാസ്ത്രജ്ഞർ പുറത്തു വിട്ടിരിക്കുന്നത്.

മുമ്പ് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത പർവ്വതങ്ങളാണ് ഇവയെന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. സ്ക്രിപ്‍സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡേവിഡ് സാൻഡ്‌വെലിന്‍റെ നേതൃത്വത്തിലാണ് പുതിയ കണ്ടെത്തൽ നടന്നത്. സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി (SWOT) ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചായിരുന്നു മാപ്പിംഗ്. 2022 ഡിസംബറിൽ ആരംഭിച്ച സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി (SWOT) ദൗത്യം കടലിനടിയിലെ ഡാറ്റ ശേഖരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. സാധാരണയായി കടലിന്‍റെ അടിത്തട്ടിന്റെ മാപ്പിംഗ് കപ്പലുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാൽ ഇതിന് ധാരാളം സമയവും ഇന്ധനവും ചെലവും ആവശ്യമാണ്.

എന്നാൽ സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി പോലുള്ള ഉപഗ്രഹങ്ങൾക്ക് വലിയൊരു ഭാഗം മാപ്പ് ചെയ്യാൻ സാധിക്കും. ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ, കടലിനടിയിലുള്ള പർവതങ്ങളുടെ എണ്ണം ഇപ്പോൾ 44,000 നിന്ന് ഒരു ലക്ഷമായി വർദ്ധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഭൂമിയിലെ ഏറ്റവും സമൃദ്ധമായ ഭൂപ്രകൃതിയാണ് ഈ കൂറ്റൻ മലനിരകൾ. സമുദ്രനിരപ്പിന്റെ ഏകദേശം 70 ശതമാനവും ഇവയാണെന്നാണ് റിപ്പോർട്ടുകൾ. പോഷകസമൃദ്ധമായ ഈ പ്രദേശങ്ങളിൽ വിവിധ ഇനം മത്സ്യങ്ങളും പവിഴപ്പുറ്റുകളും സമൃദ്ധമായി കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *