Your Image Description Your Image Description

റിയാദ്​: റിയാദിൽ നടത്തിയ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രീയ വിജയകരം. എരിത്രിയൻ സയാമീസ്​ ഇരട്ടകളായ അസ്മയുടെയും സുമയ്യയുടെയും വേർപ്പെടുത്തൽ ശസ്​ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. റിയാദിലെ കിങ്​ അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ചിൽഡ്രൻസ് ആശുപത്രിയിലാണ് ശസ്ത്രക്രീയ നടത്തിയത്. പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്​മമായ ശസ്ത്രക്രിയയാണ് തല ഒട്ടിപ്പിടിച്ച നിലയിലുണ്ടായിരുന്ന​ കുരുന്നുകൾക്ക് നടത്തിയത്.

സൗദി ഭരണാധികാരി സൽമാൻ രാജാവി​​ന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​ന്റെയും നിർദേശാനുസരണമാണ്​​ ​വേർപ്പെടുത്തൽ ശസ്​ത്രക്രിയ​ നടത്തിയതെന്ന്​ വൈദ്യസംഘം മേധാവി ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു.

ശസ്​ത്രക്രിയ നടത്തിയ സംഘം

രണ്ട് വയസുള്ള കുഞ്ഞുങ്ങൾ തല ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ടെക്നിക്കൽ നഴ്സിങ്​ സ്​റ്റാഫി​ൻറ പിന്തുണയോടെ മെഡിക്കൽ കൺസൾട്ടൻറുമാരും സ്പെഷ്യലിസ്​റ്റുകളും 36 അംഗ വൈദ്യ സംഘം​ അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്​റ്റിക് സർജറി എന്നീ ഘട്ടങ്ങളിലൂടെയാണ്​ ശസ്​ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്​. കൃത്യമായ ആസൂത്രണവും ഉയർന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാൻ ന്യൂറോ സർജിക്കൽ നാവിഗേഷനും ഒരു സർജിക്കൽ മൈക്രോസ്കോപ്പും ഉപയോഗിച്ചതായും അൽ റബീഅ പറഞ്ഞു.

സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള​ സൗദി ദേശീയ പദ്ധതിക്ക്​ കീഴിൽ നടക്കുന്ന 64ാമത്തെ ശസ്​ത്രക്രിയ ആണിത്​. ലോകമെമ്പാടും 27 രാജ്യങ്ങളിൽനിന്നുള്ള സയാമീസുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 35 വർഷത്തിനിടെ 149 ഇരട്ടകളെയാണ്​ റിയാദിലെത്തിച്ച്​ പരിചരിച്ചത്​. അതിലാണ്​ 64 ശസ്​ത്രക്രിയകൾ നടത്തിയതെന്നും അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിനും ആവശ്യമായ ചികിത്സ നൽകിയതിനും അസ്​മയുടെയും സുമയ്യയുടെയും എരിത്രിയൻ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു. സൗദിയുടെ മഹത്തായ മാനുഷിക പ്രവർത്തനത്തെ അവർ പ്രശംസിച്ചു.

റിയാദിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും അവർ നന്ദി പറഞ്ഞു. വേർപ്പെടുത്തൽ ശസ്​ത്രക്രിയ സാധ്യതാ പരിശോധനക്കായി 2023 ഡിസംബറിലാണ്​ ഇരട്ടകളെ എരിത്രിയയിലെ അസ്​മറ പട്ടണത്തിൽ നിന്ന്​ പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *