Your Image Description Your Image Description

വിഴിഞ്ഞം: ഞണ്ടുവളർത്തലിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. തിരുപുറം പട്ടിയക്കാലയിൽനിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28), ഭർത്താവ് മനോജ് എന്ന റജി(33) എന്നിവരാണ് പിടിയിലായത്. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി ഷിബു എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസിന്റെ നടപടി.

ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങി വിദേശത്തേക്കു കയറ്റുമതിചെയ്യാമെന്നും ഇതിനായി ബാങ്ക്‌ വായ്പ തരപ്പെടുത്തിനൽകാമെന്നുമായിരുന്നു ദമ്പതികളുടെ വാ​ഗ്ദാനം. ഇക്കാര്യം പറഞ്ഞു വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അപർണയെയാണ് ദമ്പതിമാർ പദ്ധതിയുമായി ആദ്യം സമീപിച്ചത്. ഞണ്ടുകളെ വളർത്തി കിലോയ്ക്ക് 3500 രൂപയ്ക്ക് വിദേശത്തേക്കു കയറ്റുമതി ചെയ്യാമെന്നായിരുന്നു പദ്ധതി. ബാങ്ക് ലോണിനായി അപേക്ഷിക്കുന്നതിനടക്കം വിവിധ സമയങ്ങളിലായി മൂന്നുലക്ഷം രൂപ അപർണയുടെ കൈയിൽനിന്ന് ഇവർ വാങ്ങി.

കോവളത്തുള്ള ദേശസാത്കൃത ബാങ്കിൽനിന്ന് 10 ലക്ഷത്തിന്റെ വായ്പ ലഭിക്കുമെന്നാണ് അപർണയോടു പറഞ്ഞിരുന്നത്. ബാങ്കിൽനിന്ന് ഉദ്യോഗസ്ഥരെത്തി ഞണ്ടുവളർത്തൽ യൂണിറ്റ് കണ്ട് ബോധ്യപ്പെട്ടതിനെത്തുടർന്ന് 20,08,358 രൂപ ലോണായി അനുവദിച്ചു. എന്നാൽ, ഈ തുകയിൽ 1,40,000 രൂപ മാത്രമാണ് പ്രതികൾ അപർണയ്ക്കു നൽകിയത്. തുടർന്ന് അപർണ ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്.

വെണ്ണിയൂർ നെല്ലിവിള സ്വദേശി ഷിബുവിനെയും ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങാനായാണ് പ്രതികൾ സമീപിച്ചത്. പാപ്പനംകോട്ടെ ദേശസാത്കൃത ബാങ്കിൽനിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തു നൽകാമെന്നായിരുന്നു വാഗ്ദാനം. യൂണിറ്റ് തുടങ്ങുന്നതിനും ബാങ്കുമായി ബന്ധപ്പെട്ട ചെലവുകൾക്കുമായി 15 ലക്ഷം രൂപയാണ് പലപ്പോഴായി ഷിബുവിൽനിന്ന് പ്രതികൾ തട്ടിയെടുത്തത്.

സഹോദരിയുടെ സ്വർണം ഉൾപ്പെടെ പണയം വെച്ചാണ് ഷിബു പണം നൽകിയിത്. ഈ പണയസ്വർണവും ആതിര പണമടച്ച് ബാങ്കിൽനിന്നു തിരിച്ചെടുത്ത്‌ കൈക്കലാക്കി. ഷിബുവിന്റെ വീട്ടിൽ അക്വേറിയത്തിനു സമാനമായ യൂണിറ്റ് സജ്ജമാക്കുന്നതിനുള്ള മെഷീനുകളും എത്തിച്ചിരുന്നു. ഇവ നേരത്തേ തട്ടിപ്പിനിരയായ അപർണയ്ക്കു നൽകിയതായിരുന്നു.

ബാങ്കിൽ ഞണ്ടുവളർത്തലുമായി ബന്ധപ്പെട്ട് ഓൺലൈനായി സമർപ്പിച്ച രേഖകളെല്ലാം വ്യാജമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ.മാരായ എം.പ്രശാന്ത്, ജെ.സേവിയർ, എ.എസ്.ഐ. മിനി, എസ്.സി.പി.ഒ. സാബു, ഗോഡ് വിൻ, സതീഷ്, സുജിത്, ധനേഷ്, സി.പി.ഒ. രാധിക എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് മുദ്രപ്പത്രങ്ങൾ, വ്യാജ സീലുകൾ, വ്യാജ ലെറ്റർ പാഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *