Your Image Description Your Image Description

പാലക്കാട്: കാശ്മീരിൽ മരിച്ച കാഞ്ഞിരപ്പുഴ കറുവാൻ തൊടി മുഹമ്മദ് ഷാനിബിന്റെ മൃതദേഹം ഇന്ന് രാത്രി ഏഴു മണിയോടു കൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. രാത്രി പത്ത് മണിയോടെ അരിപ്പനാഴി ജുമാമസ്ജിദ് ഖബറി സ്‌ഥാനിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു. പുൽവാമയ്ക്കു സമീപം വനമേഖലയിൽ രണ്ടാഴ്ച്ച പഴക്കമുള്ള നിലയിലാണ് ഷാനിബിൻ്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി മുഖേന സംസ്ഥാന സർക്കാരിനു നിവേദനം കൈമാറിയിരുന്നു. യുവാവിൻറെ മരണത്തിൽ കേന്ദ്ര ഏജൻസികളും ബന്ധുക്കളിൽ നിന്ന് വിവരം തേടിയിരുന്നു. ഏപ്രിൽ 13നാണ് പാലക്കാട് വർമംകോട്ടെ വീട്ടിൽ നിന്നും ബംഗളൂരുവിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് യുവാവ് പോയത്. ഏപ്രിൽ 15ന് വീട്ടിലേക്ക് ടെക്സ്റ്റ് മെസേജയച്ചു. ഇനി വിളിച്ചാൽ കിട്ടില്ലെന്നായിരുന്നു ഷാനിബിൻറെ മെസേജ്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ശേഖരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിലേക്ക് മാത്രമാണ് ഷാനിബ് ഇതുവരെ നടത്തിയ ദീർഘദൂര യാത്ര. പിന്നെയെങ്ങനെ കശ്മീരിലെത്തി, എന്തിനാണ് അവിടെ പോയതെന്ന കാര്യത്തിൽ ബന്ധുക്കൾക്കും പൊലീസിനും വ്യക്തതയില്ലായിരുന്നു.

ഷാനിബ് പ്ലസ്ടു പഠന ശേഷം മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ എൻട്രൻസ് പരിശീലിനത്തിന് ചേർന്നു. പഠന സമയത്ത് മാനസികാസ്വാസ്ഥ്യവും കാണിച്ചതോടെ പഠനം ഉപേക്ഷിച്ച് പാലക്കാട്ടെ സ്വകാര്യസ്ഥാപനത്തിൽ ജോലി നോക്കിയെങ്കിലും അധികം തുടർന്നില്ല. പിന്നാലെ ബന്ധുവിനൊപ്പം നാട്ടിൽ വയറിങ് ജോലി ചെയ്യുകയായിരുന്നു. ഷാനിബിന് വീടു വിട്ടിറങ്ങുന്ന ശീലമുണ്ട്, മുമ്പ് 21 ദിവസം കാണാതായതായും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, പത്തു ദിവസം പഴക്കമുണ്ട് മൃതദേഹത്തിനെന്ന് പൊലീസ് പറയുന്നു. വന്യജീവി ആക്രമണത്തിൻറെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടെന്ന് തൻമാർഗ് പൊലീസ് അറിയിച്ചതായും മണ്ണാർക്കാട് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *