Your Image Description Your Image Description

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താൻ വിരമിക്കുന്നു ഇൻസ്റ്റാ​ഗ്രാമിലൂടെ വിരാട് കോലി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ തിരഞ്ഞത് മറ്റൊരു കാര്യമാണ്. വിരമിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ #269 എന്ന് കുറിച്ചിരുന്നു. ഇതെന്താണെന്നുള്ളതാണ് ആരാധകര്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയത്. ഒടുവിൽ അതെന്താണെന്ന് അന്വേഷിച്ചിറങ്ങിയ ആരാധകർക്ക് അതിന്റെ ഉത്തരവും കിട്ടി.

കോലിയുടെ ക്യാപ് നമ്പറാണ് 269. ഇതാണ് കോലി പോസ്റ്റിന് താഴെ സൂചിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഓരോ താരങ്ങള്‍ക്കും ക്യാപ് നമ്പര്‍ നല്‍കും. ഓരോ ഫോര്‍മാറ്റിലും താരങ്ങള്‍ അരങ്ങേറുന്നത് പ്രകാരമാണ് ഇത് നല്‍കുന്നത്. അതായത് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന 269-ാമത് താരമാണ് കോലി എന്നര്‍ഥം. രോഹിത് ശര്‍മയുടെ ക്യാപ് നമ്പര്‍ 280 ആണ്.

2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.

രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കൂടി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *