ലഖ്‌നൗ: പൊതുനിരത്തുകളില്‍ നിസ്‌കാരം നടത്താൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകൾ കൂടുതലുണ്ടെങ്കിൽ ആവശ്യമെങ്കിൽ ഷിഫ്റ്റുകളായി നമസ്‌കാരം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു.പി. മുഖ്യമന്ത്രി.
റോഡുകൾ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണെന്നും അവിടെ ഗതാഗതം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും യു.പിയിൽ ഇപ്പോൾ ഇത്തരത്തിലുള്ള പ്രവണതകൾ പൂർണ്ണമായും ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഉത്തർപ്രദേശിൽ ആളുകൾ ഇപ്പോൾ റോഡിൽ നമസ്‌കരിക്കാറില്ലേ?’ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ‘അവിടെയൊന്ന് പോയി നോക്കൂ, ഇപ്പോൾ അങ്ങനെ സംഭവിക്കാറേയില്ല’ എന്നാണ് ഞാൻ അവർക്ക് നൽകുന്ന മറുപടി. റോഡുകൾ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ്.
ആർക്കെങ്കിലും വന്ന് വഴി ജംഗ്ഷനുകളിൽ തടസ്സമുണ്ടാക്കാൻ അവകാശമുണ്ടോ? ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ല. ആളുകളുടെ എണ്ണം കൂടുതലാണെന്ന് ചിലർ എന്നോട് പറഞ്ഞപ്പോൾ, എങ്കിൽ ഷിഫ്റ്റുകളായി നമസ്‌കാരം നിർവഹിക്കാനാണ് ഞാൻ മറുപടി നൽകിയത്. വീട്ടിൽ സ്ഥലമില്ലെങ്കിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
