കെ.മുരളീധരന്റെ മന്ത്രി ഓഫീസില്‍ പാളയത്തില്‍ പട. കലഹം മൂര്‍ച്ചിച്ചതോടെ രണ്ട് പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു. ആരോഗ്യമന്ത്രി എന്ന നിലയില്‍ മുരളി പരാജയമാണെന്ന് ആക്ഷേപമുയരുമ്പോള്‍ തന്നെയാണ് പാളയത്തില്‍ പടയും തുടങ്ങിയത്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ശ്രീലാല്‍, ഗോവിന്ദരാജ് എന്നിവരാണ് രാജി നല്‍കിയത്. ഇതില്‍ ശ്രീലാല്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ഗോവിന്ദരാജ് അസി.പ്രൈവറ്റ് സെക്രട്ടറിയാണ്.
ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പിന്നിലായ മുരളീധരന് ഓഫീസ് ഭരണത്തിലും പിന്നിലാകുന്നുവെന്ന സൂചനയാണ് പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ രാജിയിലൂടെ പുറത്തുവരുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്നാണ് ഇവര്‍ വിശദീകരികരിക്കുന്നതെങ്കിലും പ്രശ്നങ്ങള്‍ അടിത്തട്ടില്‍ രൂക്ഷമാണ്. പാളയത്തിലെ പോരില്‍ അടുപ്പക്കാരെ പോലും സംരക്ഷിക്കാന്‍ മുരളീധരന് കഴിയുന്നുമില്ല. മുരളീധരന് എംഎല്‍എയായപ്പോള്‍ പിഎ ആയിരുന്ന ആളാണ് അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ വിരമിച്ച ശ്രീലാല്‍. ഗോവിന്ദരാജും എത്തിയത് സെക്രട്ടറിയെറ്റില്‍ നിന്നുമാണ്. ദേവസ്വം കാര്യങ്ങളാണ് ഗോവിന്ദരാജ് നോക്കിയിരുന്നത്.
സതീശന് മന്ത്രിസഭ അധികാരമേറ്റ് ഒരു മാസത്തിനകം തന്നെയാണ് ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്നും രാജികള്‍ വന്നിരിക്കുന്നത്. ഇവര്‍ക്ക് പകരം നിയമനം നടന്നിട്ടുമുണ്ട്. രാജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ സെക്രട്ടറിയെറ്റ് അസോസിയേഷനിലും ഭിന്നത രൂക്ഷമാണ്. ഈ പ്രശ്നങ്ങളും പെഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്. സെക്രട്ടറിയെറ്റില്‍ കോണ്‍ഗ്രസ് യൂണിയന് നിലവില്‍ പിളര്‍പ്പിലാണ്. ഇതില്‍ ഒരു വിഭാഗത്തെ പാര്‍ട്ടി അവഗണിക്കുകയാണ് എന്ന പരാതി മറുവിഭാഗത്തിനുമുണ്ട്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രി കൂടിയായതോടെ കെപിസിസിയിലെ കാര്യങ്ങള്‍ തകിടം മറിഞ്ഞു കിടക്കുകയാണ്. സണ്ണിക്കും സെക്രട്ടറിയേറ്റ് യൂണിയനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുമില്ല. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനവും തവിട് പൊടിയായി കിടക്കുകയാണ്. ഇതിനിടയിലാണ് പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ രാജിയും വന്നിരിക്കുന്നത്. യുഡിഎഫ് മന്ത്രിസഭയില്‍ പെഴ്സണല്‍ സ്റ്റാഫില്‍ നിന്നുള്ള മൂന്നാമത് രാജിയാണിത്.
നേരത്തെ വൈദ്യുതിമന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബെന്നി തോമസ് രാജിവച്ചിരുന്നു. സണ്ണിയുടെ സഹോദരി ഭര്ത്താവായിരുന ബെന്നിയെയാണ് സണ്ണി ജോസഫ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ഇത് വന്‍വിവാദമായിരുന്നു. ബന്ധുനിയമനം എന്ന് പറഞ്ഞു പ്രതിപക്ഷം രംഗത്തുവരുകയും കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ ബെന്നി തോമസിന്റെ രാജി വാങ്ങിയത്.
യുഡിഎഫ് സര്‍ക്കാരില്‍ ആദ്യവിക്കറ്റ് തെറിച്ചെന്നും ഇനിയും ചില വിക്കറ്റുകള്‍ തെറിക്കാനുണ്ടെന്നും ശ്രുതികള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുരളീധരന്റെ പെഴ്സണല്‍ സ്റ്റാഫില്‍ നിന്നും കൂട്ടത്തോടെ രാജി വന്നതും.
