Home » Blog » Kerala » ‘എം വി ഗോവിന്ദൻ ഒരു തികഞ്ഞ പരാജയം’; ‘ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ കാറി തുപ്പുന്നത് പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം’ – വി ശിവൻകുട്ടി
15

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും ഭാര്യ മത്സരിച്ചതോടെ അവരെ ജയിപ്പിക്കാനായി കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം.

അതുപോലെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിലാണ് വിമർശനം ഉയർന്നത്. എം വി ഗോവിന്ദൻ എന്നാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത് എന്ന് തനിക്കറിയാമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുപടി. തങ്ങൾ യോഗ്യരല്ല എന്ന് എം വി ഗോവിന്ദൻ എങ്ങനെ പറയുമെന്നും വിമർശനം ഉയർന്നു.

അതേസമയം, യോഗത്തിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് വി ശിവൻകുട്ടിയും രംഗത്തെത്തി. മുൻ മേയർ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനം അവമതിപ്പ് ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് സമയത്ത് ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കം എതിർത്തെന്നും ശിവൻകുട്ടി പറഞ്ഞു. കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും വി. ശിവൻകുട്ടി പറഞ്ഞു.