പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുകയാണ് ഷഹദ് ഈ ചിത്രത്തിലൂടെ. ഭർത്താവിൻ്റെ മരണത്തിനുശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിൻ്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. പാർവ്വതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ്റ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.
