ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിന്റെ മറവിൽ വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ റിപ്പോർട്ട് തേടി. കേവലം ആറ് മാസത്തെ പൂജകൾക്കിടയിൽ അഷ്ടാഭിഷേകത്തിന്റെ പേരിൽ മാത്രം 5.15 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. മുൻപ് ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളായവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതല വഹിച്ചിരുന്ന സമയത്താണ് ഈ ക്രമക്കേടുകൾ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഗുരുതരമായ കണ്ടെത്തലുകളെ തുടർന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.
അഷ്ടാഭിഷേക വഴിപാടിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി വിതരണം ചെയ്യുമ്പോൾ പാലും കരിക്കും പനിനീരും മാത്രം എന്തിനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്ന് നേരിട്ട് നൽകുന്നതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ചോദ്യം ചെയ്തു. ഈ മൂന്ന് സാധനങ്ങൾ കൂടി ദേവസ്വം സ്റ്റോർ വഴി നൽകിയിരുന്നെങ്കിൽ വഴിപാടിലെ സുതാര്യത ഉറപ്പാക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, അഷ്ടാഭിഷേക പൂജയ്ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു.
നിലവിൽ 6,000 രൂപ ഫീസുള്ള അഷ്ടാഭിഷേക വഴിപാടിന് എട്ട് സാധനങ്ങളാണ് ആവശ്യമുള്ളത്. ഇതിൽ പൂജാ സാധനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന 300 രൂപയാണ് ഈ മൂന്ന് സാധനങ്ങൾ വാങ്ങി നൽകുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറുന്നത്. എന്നാൽ വിജിലൻസിന്റെ ഈ കണ്ടെത്തലുകൾ പൂർണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. മുൻപ് 2021-ലുണ്ടായ ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നും, ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിശദീകരണം ഉടൻ തന്നെ കോടതിയിൽ ഫയൽ ചെയ്യുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
