Home » Blog » kerala Max » ​പ്രതികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം; ലോക്കപ്പിലെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്ന രീതിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
jail

പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്ന രീതിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ഇത്തരം നടപടികൾ തുടരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടു.

പ്രതികളെ ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് വ്യക്തിയുടെ മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും കടുത്ത ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്തുനിന്ന് നേരത്തെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാ സ്റ്റേഷനുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. അമരവിള സ്വദേശിയായ ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് ഈ നടപടി

വിഷയത്തിൽ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയിൽ നിന്ന് കമ്മിഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. പ്രതികളുടെ അന്തസ്സിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവൃത്തികൾ സേനാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് പോലീസ് ആസ്ഥാനം കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എ.ഡി.ജി.പി റിപ്പോർട്ടിൽ വ്യക്തമാക്കി. സർക്കുലറുകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ ഉറപ്പുനൽകിയിട്ടുണ്ട്.