Your Image Description Your Image Description

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് പുരോഗമിക്കുന്നതിനിടെ രാജ്യത്തെ മേധാവി പ്രശാന്ത് മേനോൻ രാജി വച്ചതായി റിപോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇലക്ട്രിക് കാർ വിപണിയിലെ ഭീമൻ ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ് ഉന്നത പദവിയുള്ള വ്യക്തിയുടെ രാജി എന്നത് ശ്രദ്ധേയമാണ്. എന്നാൽ അസ്വാരസ്യങ്ങളല്ല, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഇതുസംബന്ധിച്ച് യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും ടെസ്‌ലയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ഒമ്പതു വർഷങ്ങളായി ടെസ്‌ലയ്‌ക്കൊപ്പം ജോലി ചെയ്ത വ്യക്തിയാണ് പ്രശാന്ത് മേനോൻ. നാലു വർഷത്തോളം ടെസ്‌ല ഇന്ത്യയുടെ ബോർഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു. 2021 ൽ പുണെയിൽ ഓഫീസ് സ്ഥാപിക്കുകയും വെങ്കടരംഗം ശ്രീറാമിനു ശേഷം മേധാവിയാകുകയും ചെയ്തു. ടെസ്‌ല ഇന്ത്യയുടെ മേധാവിയാകുന്നതിനു മുൻപ് യു എസ് ടെസ്‌ലയിൽ കോസ്റ്റ്, പ്രോസസ്സ്, റെഗുലേറ്ററി നടപടികളുടെ ഡയറക്ടർ അഡ്വൈസർ ആയിരുന്നു പ്രശാന്ത് മേനോൻ. രാജി വെച്ചു എന്നതിനെ സംബന്ധിച്ച് റിപോർട്ടുകൾ ഉണ്ടെങ്കിലും ടെസ്‌ല ഇതുവരെ പുതിയ മേധാവിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ചൈനയിലെ ടെസ്‌ല ടീം മേൽനോട്ടം വഹിക്കും. ഉടനെ ഒരു മേധാവിയെ പ്രഖ്യാപിക്കാനും സാധ്യതയില്ല എന്നാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *