Your Image Description Your Image Description

റിയാദ്: എന്തെങ്കിലും ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധനക്ക് തുടക്കം. സർവീസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിൽ 11 സർക്കാർ വകുപ്പുകളിൽ നിന്ന് വനിതകളടക്കമുള്ള 300 ഉദ്യോഗസ്ഥർ പങ്കെടുക്കും.

രാജ്യത്തെ 23 നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിൻ നാല് ആഴ്ച നീണ്ടുനിൽക്കും. പെട്രോൾ പമ്പുകളിലും സേവന കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിലാണ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുക.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിവിധ തരം ഗ്യാസോലിൻ, ഡീസൽ, എണ്ണകൾ എന്നിവയുടെ സാമ്പിളുകൾ എടുത്ത് അവയുടെ ഗുണനിലവാരവുമാണ് പ്രധാനമായും പരിശോധിക്കുക. പമ്പുകൾക്കും സർവീസ് സെന്ററുകൾക്കും ലൈസൻസുകളും പെർമിറ്റുകളും ഉണ്ടോ എന്നും പരിശോധിക്കും.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയിലാണ് പെട്രോൾ പമ്പുകളിലെ ഒമ്പതാമത്തെ പരിശോധനാ ക്യാമ്പയിൻ നടന്നത്. ഇതിന്റെ ഫലമായി 1900 ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ മിനിമം റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്ത എട്ട് സ്റ്റേഷനുകൾ പൂർണമായും മതിയായ അളവും കാലിബ്രേഷൻ സംവിധാനവും ഇല്ലാത്തതിന് 141 സ്റ്റേഷനുകൾ ഭാഗികമായും അടച്ചുപൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *