Your Image Description Your Image Description

ഏപ്രിൽ 22 ന് 10 ഗ്രാം സ്വർണത്തിന് ഒരു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത് എന്ന റെക്കോഡ് വിലയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ മെയ് 3 ആയപ്പോഴേക്കും വില കുത്തനെ ഇടിഞ്ഞ് 96,530 ലെത്തി. അതായത് വെറും 10 ദിവസം കൊണ്ട് 5000 രൂപയുടെ ഇടിവ്. ഏകഗേദം 10 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില പക്ഷെ ഇന്ന് വീണ്ടും കുതിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സ്വർണ വില കുതിച്ചിട്ടുണ്ട്. നേരത്തേ യുഎസ്-ചൈന വ്യാപാരയുദ്ധം കടുത്തപ്പോൾ സ്വർണവില റെക്കോഡുകൾ ഭേദിച്ചിരുന്നു. സമാന രീതിയിൽ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്വർണ വില ഉയരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സാധാരണ നിലയിൽ യുദ്ധസമാന സാഹചര്യം ഉരുത്തിരിയുമ്പോൾ വില ഉയരാറുണ്ടെങ്കിലും പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടി സ്വർണ വിലയെ കാര്യമായി സ്വാധീനിച്ചിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല, ചൈന, മിഡിൽ ഈസ്റ്റ്, യുഎസ് എന്നിവിടങ്ങളിലെ സംഭവവികാസങ്ങളാണ് സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
അതേസമയം യുദ്ധ ഭീതിയുടെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ടാൽ തീർച്ചയായും രൂപ തിരിച്ചുകയറും. രൂപ ശക്തിപ്പെടുന്നത് ഇന്ത്യയിൽ സ്വർണ വില കുറയാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരുമ്പോൾ അന്താരാഷ്ട്ര വിപണിയെ അപേക്ഷിച്ച് രാജ്യത്ത് സ്വർണ വില കുത്തനെ കുറഞ്ഞേക്കും. നിലവിൽ പാക്-ഇന്ത്യ സംഘർഷം രൂക്ഷമായ അവസ്ഥയിലാണ്. ഇന്ത്യ നൽകിയ തിരിച്ചടിക്ക് പാക്കിസ്ഥാന്റെ പ്രതികരണം എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഈ ഘട്ടത്തിൽ സ്വർണവിലയിൽ രാജ്യത്ത് കാര്യമായ മാറ്റങ്ങൾ സംഭവിക്കില്ലെന്ന് പറയുകയാണ് കൊടക് സെക്യൂരിറ്റീസിലെ എവിപി കമ്മോഡിറ്റി റിസർച്ച് കെയ്നാത് ചെയിൻവാല. എന്നാൽ സംഘർഷം ശമിച്ചാൽ രൂപ കൂടുതൽ ശക്തമാകുമെന്നും ഇത് ആഗോള സ്വർണ്ണ വിലയേക്കാൾ രാജ്യത്തെ വില കുറയാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ വലിയ ഇടിവിനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. വ്യാപാര യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നീക്കവും ചൈന-യുഎസ് ചർച്ചകളും അനുകൂല ഘടകങ്ങളാകും. ഇത് സ്വർണ വിലയിൽ കുറവ് വരുത്തുമെന്നും കെയ്നാത്ത് ചെയിൻവാല ചൂണ്ടിക്കാട്ടി. യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കുമോ? യുഎസ് ഫെഡ് ഇന്ന് ചേരുന്ന യോഗത്തിൽ പലിശ നിരക്ക് കുറക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പലിശ കുറക്കാൻ ട്രംപ് ഭരണകുടം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും കാത്തിരുന്ന് കാണാം എന്നതാണ് യുഎസ് ഫെഡ് നിലപാട്. യുഎസ് തൊഴിൽ ഡാറ്റയും പലിശ നിരക്ക് കുറക്കാനുള്ള സാധ്യതകൾ തള്ളികളയുന്നുണ്ട്. ഒരുപക്ഷേ ജൂൺ മുതൽ ജുലൈ വരെയുള്ള കാലയളവിലായിരിക്കാം യുഎസ് ഫെഡ് പലിശ കുറച്ചേക്കുകയെന്നും ചെയിൻവാല പറഞ്ഞു. ഫെഡ് ചെയർ ജെറോം പവലിന്റെ അഭിപ്രായങ്ങളും വിപണികൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കും. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ കൂടുതൽ കടുത്തതല്ലെങ്കിൽ അത് സ്വർണവിലയെ പിന്തുണച്ചേക്കും, ചെയിൻവാല കൂട്ടിച്ചേർത്തു. സ്വർണം വാങ്ങണോ? ഭൗമാരാഷ്ട്രീയ പ്രതിസന്ധികൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്താറുണ്ട്. സ്വാഭാവികമായും ഇത് സ്വർണ വിലയെ സ്വാധീനിക്കും. പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണം തീർച്ചയായും വിപണിയിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ അപകടസാധ്യതയുള്ള നിക്ഷേപങ്ങൾ ഒഴിവാക്കി സ്വർണത്തെ കൂടുതൽ ആശ്രയിക്കാൻ അത് നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും. തീർച്ചയായും ഇത് കുറഞ്ഞ കാലത്തേക്കെങ്കിൽ സ്വർണ വിലയിൽ വർധനവിന് കാരണമാകുമെന്ന് ബാങ്ക് ബസാർ സിഇഒ ആദിൽ ഷെട്ടി പറഞ്ഞു. അതേസമയം ആഭ്യന്തര സ്വർണ വില ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്പെടുന്നതും ഇറക്കുമതി തീരുവയേയും ആശ്രയിച്ചിരിക്കും. രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വില വർധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *