Your Image Description Your Image Description

ഈമ്പുരാൻ ഇറങ്ങിയ അന്ന് മുതൽ പൃഥ്വിരാജിന് താഴെ ഇരിക്കേണ്ടി വന്നിട്ടില്ല. ന്യൂ ജിൻേറഷൻ ഭാഷയിൽ പറഞ്ഞാൽ അന്ന് മുതൽ എയറിലാണ് കക്ഷി. ഇന്നിപ്പോൾ, പാക്കിസ്ഥാനിലെ ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ പൃഥ്വിരാജിനെതിരെ വീണ്ടും സൈബർ ആക്രമണം ആരംഭിച്ചിട്ടുണ്ട് . എമ്പുരാൻ വിവാദത്തിന്റെ ചുവടുപിടിച്ചാണ് നടനെ അധിക്ഷേപിച്ച് കമന്റുകൾ നിറയുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ എന്തുകൊണ്ടാണ് പൃഥ്വിരാജ് പ്രതികരിക്കാത്തത് എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ഇന്ത്യൻ തിരിച്ചടിയിൽ സൈന്യത്തെ അഭിനന്ദിച്ച് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ സിനിമയിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ കടുത്ത സൈബർ ആക്രമണമാണ് നടന് നേരിടേണ്ടി വന്നത്. ചിത്രത്തിൽ സയിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. നാട്ടിലെ വർഗീയ കലാപത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട സയീദ് മസൂദ് പിന്നീട് പാക്കിസ്ഥാനിലെത്തി തീവ്രവാദ സംഘടനയിൽ ചേരുന്നതും പിന്നീട് മോഹൻലാലിന്റെ കഥാപാത്രം വന്ന് രക്ഷിക്കുന്നതുമൊക്കെയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. സിനിമ ഇറങ്ങിയതിന് പിന്നാലെ സംഘപരിവാർ കേന്ദ്രങ്ങൾ ഒന്നടങ്കം പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതേ കാര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും പൃഥ്വിരാജിനെതിരെ കമന്റുകൾ നിറയുന്നത്. ചില കമന്റുകൾ ഇങ്ങനെ-‘ രാജപ്പോ, നമ്മുടെ പോർക്കിസ്ഥാനിലെ കേന്ദ്രങ്ങൾ സങ്കി സൈന്യം തകർത്തത് അറിഞ്ഞില്ലേ’, രാജപ്പൻ ചത്തത് പോലെ കിടക്കാണ്… ശല്യപെടുത്തേണ്ട’, ‘ഓപ്പറേഷൻ സിന്ദൂറിൽ രായപ്പൻ അസ്വസ്ഥനാണ്’, ‘നിന്റെ നേതാവ് സെയ്‌ദ് മസൂദിന്റെ ആസ്ഥാനം ഇങ്ങേടുത്തിട്ടുണ്ട്’ ഇങ്ങനെ പോകുന്നു കമന്റുകൾ. പതിവ് പോലെ തന്നെ കമന്റുകളോടൊന്നും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. നേരത്തേ എമ്പുരാൻ വിവാദത്തിലും പൃഥ്വിരാജ് പ്രതികരിച്ചിരുന്നില്ല. അതേസമയം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മോഹൻലാലിനു നേരേയും സൈബർ ആക്രമണം രൂക്ഷമാണ്. ഇനിയും എമ്പുരാൻ പോലുള്ള തീവ്രവാദത്തിന് കൂട്ടുനിൽക്കുന്ന സിനിമകളിൽ അഭിനയിക്കരുതെന്ന ‘ഉപദേശവും’ ചിലർ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ സിനിമ മേഖലയിൽ നിന്ന് മോഹൻലാൽ അടക്കം നിരവധി പേരാണ് പ്രതികരിച്ച് എത്തിയത്. മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ- ‘കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാർഢ്യത്തിന്റെ പ്രതീകമായാണ് നമ്മൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിച്ചാൽ എക്കാലത്തേയും ശക്തിയോടെ ഞങ്ങൾ തിരിച്ചുവരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു’, മോഹൻലാൽ കുറിച്ചു. ‘നമ്മുടെ യഥാർഥ നായകരെ സല്യൂട്ട് ചെയ്യുന്നു. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം പ്രതികരിക്കും എന്ന് ഓപ്പറേഷൻ സിന്ദൂറിലെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ജീവൻ രക്ഷിച്ചതിനും വിശ്വാസം കാത്തതിനും നന്ദി. നിങ്ങൾ രാജ്യത്തിന്റെ അഭിമാനമാണ് ജയ് ഹിന്ദ്’ എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.
ഒരാൾ ഒരു സിനിമയിൽ അഭിനയിച്ചെന്നോ അല്ലെങ്കിൽ അതിനു പുറകിൽ പ്രവർത്തിച്ചെന്നോ കരുതി ഇങ്ങനെ വിടാതെ പിന്തുടരുന്നത് കഷ്ടം തന്നെയാണ്.
സത്യം പറഞ്ഞാൽ അദ്ദേഹത്തെ ഇങ്ങനെ വിമര്ശിക്കുന്നവരിൽ എത്ര പേര് ഒരു പൊതു കാര്യത്തിൽ പ്രതികരിക്കുന്നുണ്ട് എന്നത് കണ്ടു തന്നെ അറിയണം. തന്റെ സേഫ് സോണിൽ നിന്നല്ലാതെ ആരും കളിക്കില്ല. പ്രിതൃരാജിനെതിരെ ഇങ്ങനെ പ്രതികരിക്കുന്നവരിൽ പലരും പ്രശസ്തിയോ മറ്റെന്തെങ്കിലും താൽക്കാലിക സന്തോഷമോ കിട്ടാൻ വേണ്ടി മാത്രം പ്രതികരിക്കുന്നതാണ് എന്നതാണ് ഏറ്റവും രസകരം.

Leave a Reply

Your email address will not be published. Required fields are marked *