Your Image Description Your Image Description

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളിൽ തീ തുപ്പി ഇന്ത്യൻ സേനാ വിഭാഗങ്ങൾ. ആർമിയും നാവികസേനയും വ്യോമസേനയും സംയുക്തമായി ബുധനാഴ്ച പുലർച്ചെ പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ശക്തമായ ഭീകരാക്രമണം നടത്തിയത്. 1971 ലെ യുദ്ധത്തിനുശേഷം മൂന്ന് പ്രതിരോധ സേവനങ്ങളും ഒരുമിച്ച് പാകിസ്ഥാനെതിരെ നീങ്ങുന്നത് ഇത് ആദ്യമാണ് എന്നതാണ് ശ്രദ്ധേയം. മെയ് 7 ന് പുലർച്ചെ 1:44-നാണ് ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയ സംയുക്ത സൈനിക ആക്രമണത്തിന് തുടക്കം കുറിച്ചത്. പാകിസ്ഥാനിലും പാക് അധിനിവേശ ജമ്മു കശ്മീരിലും (PoK) ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ഭീകരകേന്ദ്രങ്ങൾ നേരത്തെ തന്നെ പ്രതിരോധ സേനകൾ മനസ്സിലാക്കിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിടാതെ ഭീകരരുടെ താവളങ്ങൾ മാത്രം ഉന്നമിട്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സൈന്യം, നാവികസേന, വ്യോമസേന എന്നിവയുടെ പ്രിസിഷൻ സ്ട്രൈക്ക് ആയുധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക. പാകിസ്ഥാൻ സൈന്യമോ സിവിലിയന്മാരോ തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും ആക്രമണം ‘നിയന്ത്രിതവും കൃത്യതയാർന്നതുമായിരുന്നുവെന്നും’ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലായിരുന്നു ഇന്ത്യൻ സേനയുടെ ആക്രമണം. രാത്രിയുടനീളം പ്രാധനമന്ത്രി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൈനിക മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവരെ ഓപ്പറേഷന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. സ്കാൽപ് മിസൈലുകളും ഹാമ്മർ സ്മാർട്ട് ബോംബുകളും വലിയ തോതിൽ ഉപയോഗിക്കപ്പെട്ടു. കാമികാസെ ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചിച്ചു. ലക്ഷ്യമിട്ട ഒമ്പത് സ്ഥലങ്ങളിൽ ബഹാവൽപൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനവും മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനവും ഉൾപ്പെടുന്നുണ്ട്. ഹിസ്ബുൾ മുജാഹിദ്ദീൻ അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ട മുസഫറാബാദ്, കോട്‌ലി, ഭിംബർ, ഗുൽപുർ, ചകംരു, സിയാൽകോട്ട് എന്നിവിടങ്ങളും ഇന്ത്യ ആക്രമണം നടത്തി. ഭീകര സംഘടനകളുടെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെടുകയും ഹാഫിസ് സയീദിന്റെയും മസൂദ് അസ്ഹറിന്റെയും നേതൃത്വത്തിലുള്ള പ്രബോധനം കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സിവിലിയൻമാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇന്ത്യ പറയുമ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് സിവിലിയന്മാർ കൊല്ലപ്പെട്ടതായും പ്രതികാരം ചെയ്യുമെന്നുമാണ് പാകിസ്ഥാന്റെ അവകാശവാദം. പാകിസ്ഥാൻ അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങളും ഒരു ഡ്രോണും വെടിവെച്ചിട്ടതായി അവകാശപ്പെട്ടു, എന്നാൽ ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാമുന്നൊരുക്കങ്ങളുടെ ഭാഗമായി ശ്രീനഗർ, അമൃത്സർ ഉൾപ്പെടെയുള്ള വടക്കൻ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ജമ്മു, സാമ്പ, കഠ്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്കൂളുകളും കോളേജുകളും അടച്ചു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യൻ പൗരന്മാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പഹൽഗാം ആക്രമണത്തിൽ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ മതം തിരഞ്ഞുകൊണ്ടായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. മരണപ്പെട്ട ഭർത്താവിന് അരികിൽ ഇരിക്കുന്ന നവധുവിന്റെ ചിത്രം ഏവരുടേയും കണ്ണുനീർ അണിയിക്കുന്നതായിരുന്നു. ഇതാണ് തിരിച്ചടിക്ക് ഓപ്പറേഷന് “സിന്ദൂർ” എന്ന പേര് നൽകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *