Your Image Description Your Image Description

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ അവസാനിക്കുന്നതുവരെ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ എബിപി ഇന്ത്യ അറ്റ് 2047 സമ്മിറ്റിലാണ് ഇന്ത്യന്‍ പരിശീലകന്റെ പ്രതികരണം.

‘പാകിസ്താനുമായി കളിക്കേണ്ടതില്ലെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ ഭീകരാക്രമണങ്ങള്‍ അവസാനിക്കുന്നതുവരെയെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. കളിക്കണമോ എന്നുള്ളത് ആത്യന്തികമായി സര്‍ക്കാരിന്റെ തീരുമാനമാണ്. ഞാന്‍ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് മത്സരവും ബോളിവുഡും ഒന്നും ഇന്ത്യന്‍ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാള്‍ വലുതല്ല. ”മത്സരങ്ങള്‍ നടന്നുകൊണ്ടേയിരിക്കും. സിനിമകളുണ്ടാകും. ഗായകര്‍ പരിപാടികള്‍ അവതരിപ്പിക്കും. എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരു കുടുംബാംഗത്തെ നഷ്ടപ്പെടുന്നതുപോലെ മറ്റൊന്നുമില്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും പാകിസ്താനുമായി കളിക്കുന്നത് സംബന്ധിച്ച് തനിക്ക് അഭിപ്രായം പറയാനാവില്ലെന്നും’ ഗംഭീര്‍ പറഞ്ഞു. അത് ബിസിസിഐയുടെയും പ്രത്യേകിച്ച് സര്‍ക്കാരിന്റെയും തീരുമാനമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

അതേസമയം, നിലവിലുള്ള സാഹചര്യത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് അനിശ്ചിതത്വത്തിലാണ്. ഇന്ത്യയിൽ വന്ന് പാകിസ്താൻ ടൂർണമെന്റ് കളിച്ചേക്കില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല. അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *