Your Image Description Your Image Description

മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ സൂര്യാ ചിത്രം റെട്രോ സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്. സിനിമ വ്യത്യസ്തമായ കഥ പറച്ചിലാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ കൈവിട്ടുപോയ കഥയെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. ഇപ്പോഴിതാ റെട്രോ മുതൽ സിനിമയുടെ ഓൺലൈൻ റിവ്യൂ വായിക്കുന്നത് നിർത്തുകയാണെന്ന് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. റിവ്യൂകളിൽ പലതും അജണ്ടകളും ലക്ഷ്യം വെച്ചുള്ളതാണെന്നും സത്യസന്ധമായ വിമർശനം മനസിൽ ആകുമെന്നും കാർത്തിക് പറഞ്ഞു.

റെട്രോ മുതൽ ഓൺലൈൻ റിവ്യൂ വായിക്കുന്നത് ഞാൻ നിർത്തി, കാരണം അവയിൽ പലതും അജണ്ടകളും ലക്ഷ്യംവച്ചുള്ള വിദ്വേഷവും നിറഞ്ഞതാണ്. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോൾ അത് ഫേക്ക് ആണോ അല്ലയോ എന്ന് നമുക്ക് മനസിലാക്കാൻ കഴിയുമല്ലോ. എനിക്ക് കാണാൻ കഴിയുന്നത് പ്രേക്ഷകർ സിനിമയെ സ്നേഹിക്കുന്നു എന്നതാണ്, തിയേറ്ററുകളില്‍ അതിന്റെ വൈബ് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു,’ കാർത്തിക് സുബ്ബരാജ് പറഞ്ഞു. സിനി ഉലകിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *