Your Image Description Your Image Description

ജയ്പുര്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയ്ക്കെതിരേയും തിളങ്ങാനാവാതെ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റെക്കോഡ് സെഞ്ച്വറി കുറിച്ച രാജസ്ഥാന്‍ താരം പിന്നീട് കളിച്ച രണ്ട് മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി. മുംബൈക്കെതിരേ ഡക്കായി മടങ്ങിയ വൈഭവ് കൊൽക്കത്തയ്ക്കെതിരേ നാല് റൺസ് മാത്രമാണ് നേടിയത്. ഈഡൽ ​​ഗാർഡൻസിൽ കൊൽക്കത്ത ഉയർത്തിയ 207 റൺസ് വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ ബാറ്റിങ്ങിനിറങ്ങിയത്.

വൈഭവ് അറോറയാണ് ആദ്യ ഓവര്‍ എറിയാനെത്തിയത്. ഓവറിലെ മൂന്നാം പന്തില്‍ ഫോറടിച്ച വൈഭവ് നാലാം പന്തില്‍ പുറത്തായി. ഒരു മികച്ച മുന്നേറ്റത്തിന് മുതിര്‍ന്ന വൈഭവിനെ രഹാനെ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സെടുത്താണ് വൈഭവ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വൈഭവ് വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യം റൺസുമായി മടങ്ങിയിരുന്നു. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ വില്‍ ജാക്ക്‌സിന്റെ ക്യാച്ചിലാണ് വൈഭവ് പുറത്തായത്

നേരത്തേ ഗുജറാത്തിനെതിരായ ഒരൊറ്റ മത്സരം കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലേക്ക് ഉദിച്ചുയര്‍ന്ന താരമാണ് വൈഭവ്. ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുജറാത്തിനെതിരായ മത്സരത്തിൽ വൈഭവ് സ്വന്തമാക്കിയിരുന്നു. 35 പന്തില്‍ സെഞ്ച്വറി കുറിച്ച വൈഭവ് 38 പന്തില്‍ 11 സിക്സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സടിച്ച ശേഷമാണ് അന്ന് പുറത്തായത്. 14 വയസും 32 ദിവസും മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ റെക്കോഡ് നേട്ടം. ഐപിഎല്ലിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും വെറും മൂന്നാമത്തെ മത്സരത്തില്‍ വൈഭവ് സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്

Leave a Reply

Your email address will not be published. Required fields are marked *