Your Image Description Your Image Description

ഓരോ സ്ത്രീകളും തങ്ങളുടെ ഭർത്താവിനോടുള്ള സ്നേഹം പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. ഇവിടെ യുകെയിൽ നിന്നുള്ള ഒരു യുവതി ഭർത്താവിനുള്ള ആദരവായി വിവാഹ വസ്ത്രത്തിൽ മാരത്തോൺ ഓടിയിരിക്കുകയാണ്. രക്താർബുദം ബാധിച്ച ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് വിവാഹ വസ്ത്രം ധരിച്ച് ലണ്ടൻ മാരത്തൺ പൂർത്തിയാക്കിയത്. പരേതനായ ഭർത്താവിനോടുള്ള ആദര സൂചകമായി 12 മാസത്തിനുള്ളിൽ 13 മാരത്തണുകൾ ഓടാനുള്ള വെല്ലുവിളി ലോറ കോൾമാൻ-ഡേ ഏറ്റെടുത്തതായാണ് ബിബിസി റിപ്പോർട്ട്. ഒരു രക്താർബുദ ഗവേഷണ ചാരിറ്റിക്ക് പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് ലോറ കോൾമാൻ തന്‍റെ വിവാഹ വിവാഹ വാർഷികത്തിൽ നടന്ന മാരത്തണിന്‍റെ അവസാന മൂന്ന് മൈൽ ദൂരം വിവാഹ വസ്ത്രം ധരിച്ച് ഓടാന്‍ തീരുമാനിച്ചത്.

23 മൈൽ ദൂരം ഓടിയ ലോറ മത്സരം അവസാനിക്കാൻ മൂന്ന് മൈൽ ദൂരം കൂടി ബാക്കിയുള്ളപ്പോഴാണ് വസ്ത്രം മാറി വിവാഹ വേഷം ധരിച്ചത്. തുടർന്ന് ആ വേഷത്തിൽ ഓടി മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഇറക്കമുള്ള വിവാഹ വേഷത്തിൽ ഒടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെങ്കിലും തന്‍റെ ഭർത്താവിന് വേണ്ടി താനത് ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ലോറ പറയുന്നത്. ചൂടും വസ്ത്രത്തിന്‍റെ വലുപ്പവും കാരണം ബുദ്ധിമുട്ടിയെങ്കിലും ഓട്ടം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി 12 മാസം കൊണ്ട് 13 മാരത്തോൺ മത്സരങ്ങളിൽ 51 -കാരിയായ ലാറ പങ്കെടുത്തു. രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന അപൂർവ രക്താർബുദം ആയിരുന്നു ലോറയുടെ ഭർത്താവ് സാണ്ടറിനെ ബാധിച്ചിരുന്നത്. സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളാവുകയും അദ്ദേഹം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്‍റെ മരണം.

Leave a Reply

Your email address will not be published. Required fields are marked *