Your Image Description Your Image Description

ന്യൂഡൽഹി: പാകിസ്താൻ വാഗാ അതിർത്തി അടച്ചു. ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്ന പാക് പൗരന്മാരെയും അതിർത്തി കടക്കാൻ പാകിസ്താൻ അനുവദിക്കുന്നില്ല. എന്നാൽ, സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പാക് പൗരന്മാർ ഏപ്രിൽ 30-നകം രാജ്യം വിടണമെന്ന ഉത്തരവിൽ ഇന്ത്യ ഇളവുവരുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള യാത്ര-ആശയവിനിമയ ബന്ധങ്ങളും ഇന്ത്യ നിർത്തും. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുട‍ർ നടപടികൾ ച‍ർച്ച ചെയ്യാൻ ഇന്നും നിർണായക യോ​ഗങ്ങൾ തുടരും.

നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചേ‍ർന്ന് വിലയിരുത്തും. കേന്ദ്ര മന്ത്രിസഭ യോ​ഗത്തിന് ശേഷവും പ്രധാനമന്ത്രി കരസേന മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർച്ചയായി വെടിനിർത്തൽ കരാ‍ർ ലംഘിക്കുന്നതിൽ പാകിസ്താനെ അതൃപ്തി അറിയിച്ച സാഹചര്യത്തിൽ തുടർനീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്.

അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.

ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഇന്നലെ പ്രസ്താവന ഇറക്കി. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൻ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *