Your Image Description Your Image Description

ഡൽഹി: സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തിൽ അനുഭാവപൂർണമായ നടപടി വേണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാക്കിസ്ഥാൻ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്ര നടപടിയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി. കാലങ്ങളായി രാജ്യത്ത് കഴിയുന്നവരും, ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച സ്ത്രീകളുമടക്കമുള്ളവരും നടപടി കാരണം ദുരിതത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പരിഗണിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.

എല്ലാ പാക് പൗരന്മാരെയും ഇന്ത്യയിൽ നിന്ന് തിരിച്ചയക്കാനുള്ള സർക്കാർ നിർദ്ദേശം മാനുഷിക ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് മുഫ്തി ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിൽ 30-40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് വന്ന, ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച വളരെക്കാലമായി നമ്മുടെ സമൂഹത്തിന്റെ ഭാഗമായ സ്ത്രീകളുണ്ട്. ഇത്തരം കാര്യങ്ങൾ കേന്ദ്രം പരിഗണിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പട്ടു.

ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പഹൽഗാം ആക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം.

പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കി. സിപ് ലൈൻ ഓപ്പറേറ്ററെകസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ഇന്ത്യ പരിശോധന തുടങ്ങി. യുദ്ധം ആസന്നമാണെന്നായിരുന്നു പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സിനോട്‌ വ്യക്തമാക്കിയത്. പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *