Your Image Description Your Image Description

ഡ്രൈവിങ് സ്കൂളുകളിൽ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകുന്ന നടപടി വിവിധ ജില്ലകളിൽ ആർടി ഓഫീസർമാരുടെ നേതൃത്വത്തിൽ തുടങ്ങി. അംഗീകാരമുള്ളതാണെന്ന് തിരിച്ചറിയാൻ വാഹനത്തിന്റെ ബോണറ്റിൽ പ്രത്യേക നമ്പർ ഉൾപ്പെട്ട സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. അനധികൃത വാഹനങ്ങൾ ഡ്രൈവിങ് പഠിപ്പിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ സ്കൂളിനെതിരേ നടപടിയെടുക്കാനാണ് വകുപ്പിന്റെ തീരുമാനം.

വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന നടപടിയടക്കമുണ്ടാകുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ഡ്രൈവിങ് സ്കൂളുകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ഏതൊക്കെ വാഹനമാണ് പഠനത്തിന് ഉപയോഗിക്കുന്നതെന്ന് രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. സ്കൂളിന്റെ പേരുപയോഗിച്ച് സബ് ഏജന്റുമാർ നടത്തുന്ന രീതിയുണ്ടെന്നും ഇതിൽ ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

ഇത് വ്യാജ ഡ്രൈവിങ് സ്കൂളുകളും വാഹനങ്ങളുമായാണ് മോട്ടോർ വാഹനവകുപ്പ് കാണുന്നത്. ലൈസൻസുള്ള നാലുചക്ര വാഹനങ്ങളിൽ, പഠിപ്പിക്കുന്നയാൾക്കു കൂടി നിയന്ത്രിക്കാവുന്ന ക്ലച്ചും ബ്രേക്കും അധികമായുണ്ടാകും. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങളിൽ ഇതുണ്ടാകില്ലെന്നു മാത്രമല്ല, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകില്ല. ഘടിപ്പിച്ചിട്ടുണ്ടെങ്കിൽത്തന്നെ അവ മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *