Your Image Description Your Image Description

ഇന്ത്യൻ വാഹന വിപണിയിലേക്ക്‌ വളരെ വൈകിയാണ് കടന്നു വന്നതെങ്കിലും ”ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ” എന്ന സിനിമാ സംഭാഷണത്തെ അർത്ഥവത്താക്കുന്നുണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 2019ൽ ഇന്ത്യയിലെത്തിയ കാർ നിർമാതാക്കൾക്ക് സ്വപ്‍ന സമാനമായ നേട്ടങ്ങളാണ് രാജ്യത്തെ വാഹന വിപണി സമ്മാനിച്ചത്. ഇന്ത്യയിൽ പതിനഞ്ചു ലക്ഷം വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കി എന്നൊരു നാഴികക്കല്ലാണ് ഏറ്റവുമൊടുവിൽ കിയ സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് കിയയുടെ വാഹന പ്ലാന്റ്. ഈ നിർമാണശാലയിലാണ് കിയ മോട്ടോർസ് തങ്ങളുടെ 15 ലക്ഷം യൂണിറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. കിയയുടെ എം പി വിയായ കാരൻസിന്റെ നിർമാണത്തിലൂടെയാണ് കമ്പനി ഈ മാന്ത്രിക നമ്പറിലെത്തിയത്. കൊറിയൻ വാഹന കമ്പനി ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾ 90 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. സെൽറ്റോസ്, സോണറ്റ്, കാരൻസ്, ഏറ്റവുമൊടുവിൽ അവതരിപ്പിച്ച സിറോസ് എന്നീ വാഹനങ്ങളാണ് അനന്തപുരിലെ പ്ലാന്റിൽ നിന്നും നിർമാണം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. 2019 മുതലുള്ള കാലയളവിൽ 700688 യൂണിറ്റ് സെൽറ്റോസും 519064 യൂണിറ്റ് സോണറ്റും 257754 കാരൻസും വിപണിയിലെത്തി. കിയയിൽ നിന്നും ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ സിറോസിന്റെ 23036 യൂണിറ്റുകളും ഈ നിർമാണശാലയിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. 15 ലക്ഷം വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കിയപ്പോൾ, ഏറ്റവും കുറഞ്ഞ കാലയളവിൽ പ്രാദേശികമായി ഇത്രയും വാഹനങ്ങൾ നിർമിച്ചതെന്ന പേരും കിയയ്‌ക്ക് സ്വന്തമായി. 536 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കിയയുടെ അനന്തപുരിലെ നിർമാണശാലയ്ക്ക് പ്രതിവർഷം മൂന്നുലക്ഷം വാഹനങ്ങൾ നിർമിക്കാൻ സാധിക്കും. സെൽറ്റോസ്, സോണറ്റ്, കാരൻസ്, കാർണിവൽ, സിറോസ് എന്നിവ കൂടാതെ ഇ വി 6 എന്ന ഇലക്ട്രിക് എസ് യു വി യുമാണ് കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാരൻസിന്റെ പുതിയ മോഡൽ മെയ് 8 നു രാജ്യത്ത് അവതരിപ്പിക്കുമെന്നും കിയ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *