Your Image Description Your Image Description

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, അവർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിൻ്റെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും, ഭീകരതയെ അതിൻ്റെ വേരോടെ പിഴുതെറിയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ സായുധ സേനയ്ക്ക് അവരുടെ പ്രതികരണത്തിന്റെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാൻ പൂർണ്ണമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെ ശക്തികളെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെ വിടില്ല,” പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി, മൂന്ന് സേനാ മേധാവിമാർ, മറ്റ് ഉന്നത സൈനിക-സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. അതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അർദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികളുമായും മറ്റ് സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്തു. കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാനും സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ കനത്ത വില നൽകേണ്ടിവരുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി. ഇതിൻ്റെ ഭാഗമായി, പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. 2016-ലെ ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും, 2019-ലെ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനും സമാനമായ ശക്തമായ തിരിച്ചടി ഇത്തവണയും ഉണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്. അതേസമയവും പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി ഉടൻ പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്ഥാൻ മന്ത്രി. ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചുവെന്നാണ് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ എക്സിൽ കുറിച്ചത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന്റെ പേരിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരകളാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാകിസ്ഥാൻ ശക്തമായ തിരിച്ചടി നൽകുമെന്നും, പ്രാദേശിക സ്ഥിതിഗതികൾ വഷളാകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് “പൂർണ സ്വാതന്ത്ര്യം” നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അതേസമയം, നിയന്ത്രണ രേഖയിൽ (എൽഒസി) ഇന്ത്യ-പാക് സൈന്യങ്ങൾ തമ്മിൽ വെടിവയ്പ്പ് തുടരുകയാണ്. ഇന്നലെ രാത്രിയിലും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ വെടിവെയ്പ്പുണ്ടായി. ജമ്മുവിലെ പ്രാഗിയാൽ സെക്ടറിലാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ വെടിയുതിർത്തത്. ഉടനടി തന്നെ തക്കതായ മറുപടി നൽകിയതായി ഇന്ത്യൻ സേനയും അറിയിക്കുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ തുടർച്ചയായ ആറാം ദിവസമാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ (യുഎൻ) രംഗത്ത് വന്നു. രണ്ട് ആണവശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ദക്ഷിണേഷ്യയ്ക്കും ലോകത്തിനും വിനാശകരമാകുമെന്നുമാണ് യു എൻ മുന്നറിയിപ്പ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ടെലിഫോണിലൂടെ സംസാരിച്ച് പഹൽഗാം ആക്രമണത്തെ അപലപിക്കുകയും, ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *