Your Image Description Your Image Description

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആശ്വാസ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചെന്നൈക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം അതിനിര്‍ണായകം തന്നെ. എല്ലാം മറന്നുപൊരുതാന്‍ ചെന്നൈക്ക് ഇന്ന് കഴിയും. കാരണം നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത നിലയിലേക്കാണ് ചെന്നൈ ഈ സീസണില്‍ എത്തിപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് പഞ്ചാബും. ഒരു പോയിന്റ് നഷ്ടം പോലും വലിയ തിരിച്ചടികളാണെന്ന കണക്കുകൂട്ടലാണ് പഞ്ചാബ് ക്യാമ്പിലുള്ളത്.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനം കളിച്ച അഞ്ചില്‍ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റാണ് സിഎസ്‌കെ ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. അതേസമയം പഞ്ചാബ് കിംഗ്സും വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊതിച്ച് കളത്തിലെത്തുന്നു. ജയം പഞ്ചാബ് കിംഗ്‌സിന് ആവേശമാകുമെങ്കില്‍ ഒരു തോല്‍വി ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തും.

ചെപ്പോക്കിലെ സ്‌പിന്‍ ട്രാക്കിലാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- പഞ്ചാബ് കിംഗ്‌സ് മത്സരം. പക്ഷേ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ പോലും പൊരുതാതെ തോല്‍ക്കുന്ന ടീമായി മാറിക്കഴിഞ്ഞ ഈ സിഎസ്‌കെ സംഘം ഇന്ന് പഞ്ചാബിനെ വിറപ്പിക്കുമോ? ചെപ്പോക്കിലെ സ്‌പിന്‍ സഹായം പ്രതീക്ഷ വച്ച് നൂര്‍ അഹമ്മദിനൊപ്പം സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ ധോണി ഇറക്കിയേക്കാം. എന്നാലും ഉറപ്പില്ലാത്ത ബാറ്റിംഗ് നിരയെ വച്ച് ധോണി ഇന്നത്തെ ജീവന്‍മരണം പോരാട്ടം ജയിക്കുമോയെന്ന് കാത്തിരുന്നറിയാം. ഇന്ന് ജയിച്ചാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ ടീമിന് നാണക്കേട് ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *