Your Image Description Your Image Description

മോഹൻലാല്‍ നായകനായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ് ഇപ്പോൾ. എമ്പുരാന്റെ ഷൂട്ട് നടക്കുന്നതിന്റെ ഇടയിലാണ് തുടരും ചിത്രീകരണം ചെയ്‍തതെന്ന് വെളിപ്പെടുത്തുകയാണ് തരുണ്‍ മൂര്‍ത്തി. എന്നാല്‍ മോഹൻലാല്‍ ഒരു സീനില്‍ പോലും ഖുറേഷിയെപ്പോലെയാണ് എന്ന് തനിക്ക് പറയേണ്ടി വന്നില്ലെന്നും കുസൃതിക്കാരനായിട്ടാണ് ഉണ്ടായിരുന്നതെന്നും അതാണ് ആ മനുഷ്യന്റെ ഇന്റലിജൻസ് എന്നും പറയുന്നു തരുണ്‍ മൂര്‍ത്തി. പൃഥ്വിരാജിന്റെ മെസേജ് വലിയ ആത്മവിശ്വാസം തനിക്ക് നല്‍കിയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് തരുണ്‍ പൂര്‍ത്തി.

അതേസമയം എമ്പുരാന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ പേടിച്ചുപോയി എന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കുന്നു. ദൈവമേ ഇതൊക്കെ കണ്ടിട്ടാണല്ലോ നമ്മള്‍ ചെയ്യാൻ പോകുന്ന സിനിമ കാണാൻ പോകുന്നത്. രാജുവിന് മെസേജ് താൻ അയച്ചു. ചേട്ടാ ഇനി ഞാൻ എന്തു ചെയുമെന്ന് ചോദിച്ചു പൃഥ്വിരാജിനോട്. കാരണം എമ്പുരാന് മുന്നേ ഇറങ്ങാൻ പോകുന്ന സിനിമ എന്നു വിചാരിച്ചാണ് ഷൂട്ട് തുടങ്ങിയതൊക്കെ. അപ്പോള്‍ രാജു പറഞ്ഞു, അയ്യോ ബ്രോ ഞാൻ നിങ്ങളുടെ സിനിമ കാണാൻ വേണ്ടിയാണ് വെയ്‍റ്റ് ചെയ്യുന്നത് എന്ന്. അപ്പോള്‍ കുറച്ച് ആത്മവിശ്വാസം തോന്നിയെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.

തുടരും ചിത്രം ഹിറ്റായതില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹൻലാല്‍ എത്തിയിരുന്നു. തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി. ഈ നന്ദി എന്‍റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്നവരുടെ. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ അതാക്കിയത്. ശ്രദ്ധയോടെ, ഉദ്ദേശ്യത്തോടെ, എല്ലാത്തിലുമുപരി സത്യത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. അത് അത്രയും ആഴത്തില്‍ ചലനമുണ്ടാക്കുന്നു എന്ന് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ വലുതാണ്. ശരിക്കും ഒരു അനുഗ്രഹമാണ് അത്. ഹൃദയപൂര്‍വ്വം എന്‍റെ നന്ദിയെന്ന് ആയിരുന്നു മോഹൻലാല്‍ എഴുതിയത്.

അതേസമയം ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് മോഹൻലാല്‍ ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം നിർവ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *