Your Image Description Your Image Description

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി കോടതി. 12 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിക്ക് മുന്‍പാകെ തഹാവൂര്‍ റാണയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് തഹാവൂര്‍ റാണയെ കോടതിയിലെത്തിച്ചത്. ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും റാണയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും എന്‍ഐഎ ജഡ്ജി ചന്ദര്‍ ജിത് സിങ് ഉത്തരവിട്ടു.

എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം അഭിഭാഷകനുമായുള്ള റാണയുടെ കൂടിക്കാഴ്ചയെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഭീകരാക്രമണത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തഹാവൂര്‍ റാണയെ ചോദ്യം ചെയ്തുവരികയാണ് എന്‍ഐഎ. റാണ വെളിപ്പെടുത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഭീകരാക്രമണത്തിലെ മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നിലവില്‍ ഹെഡ്‌ലി അമേരിക്കയിലെ ജയിലിലാണുള്ളത്.

അതേസമയം കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണമെന്ന തഹാവൂർ റാണയുടെ അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. വിദേശ പൗരൻ എന്ന നിലയിൽ കുടുംബത്തോട് സംസാരിക്കണമെന്നത് മൗലികാവകാശം എന്നായിരുന്നു റാണയുടെ വാദം. തന്റെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു. 2008 നവംബര്‍ 26-ന് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനാണ് തഹാവൂര്‍ റാണ. 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാൻ വംശജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *