Your Image Description Your Image Description

കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകർ അറസ്റ്റിലായത്. എക്സൈസ് സ്‌പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. മൂന്ന് പേരിൽ നിന്നായി 1.6 ഗ്രാം കഞ്ചാവാണ് ഇന്നലെ എക്സൈസ് പിടികൂടിയത്. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്. അതേസമയം, ഫ്ലാറ്റിലേക്ക് കഞ്ചാവ് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

ഫ്ലാറ്റ് ഉടമയും സംവിധായകനുമായ സമീർ താഹിറിന് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകും. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിക്കാറുണ്ടെന്ന് സംവിധായകർ സമ്മതിച്ചിരുന്നു. ഇവർക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ എക്സൈസിന് ലഭിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മൊബൈൽ നമ്പർ സ്വിച്ച് ഓഫാണ്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായം തേടാനും എക്സൈസ് ആലോചിക്കുന്നുണ്ട്. ഖാലിദ് റഹ്മാന്റെയും അഷ്‌റഫ്‌ ഹംസയുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

ഇവരോടൊപ്പം പിടികൂടിയ ഷാലിഹ് മുഹമ്മദിനെതിരെയുള്ള കൂടുതൽ ലഹരി കേസുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസിൽ സമീർ താഹിറിനും പങ്കുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. വിശദമായി ചോദ്യം ചെയ്ത ശേഷം സമീറിനെ കേസിൽ പ്രതി ചേർക്കണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *