തിരുവനന്തപുരം: ‘കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര’ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യത്തിലേക്ക്. അതിന്റെ ആദ്യപടിയായി യാത്രക്കാരുടെ ലിംഗവിവരങ്ങൾ ശേഖരിക്കാൻ കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. ഇനി ബസിൽ ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരൻ പുരുഷനോ സ്ത്രീയോ എന്നത് കണ്ടക്ടർ പ്രത്യേകം രേഖപ്പെടുത്തും. ഇതിനായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
സാധാരണ യാത്രക്കാർക്ക് ഇത് ഒരു ചെറിയ സാങ്കേതിക മാറ്റമായി തോന്നാമെങ്കിലും, അതിന് പിന്നിൽ വലിയൊരു സാമ്പത്തിക കണക്കുകൂട്ടലും രാഷ്ട്രീയ നീക്കവും ഒളിഞ്ഞിരിപ്പുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കണമെങ്കിൽ ദിവസേന എത്ര സ്ത്രീകൾ കെഎസ്ആർടിസി ബസുകൾ ആശ്രയിക്കുന്നുവെന്ന് കൃത്യമായി അറിയണം. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് പ്രതിമാസ ചെലവ് എത്രയാകും, കെഎസ്ആർടിസിക്ക് അതിനെ എങ്ങനെ കൈകാര്യം ചെയ്യാനാകും തുടങ്ങിയ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടത്.
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളിൽ ഏറെ ശ്രദ്ധ നേടിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. കര്‍ണാടകയില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ “ശക്തി” പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യത കേരളത്തിലും ചര്ച്ചയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാർ.
