തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം). ശനിയാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ പിണറായി വിജയനെതിരെ ഒരുവിഭാഗം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും മുഖ്യമന്ത്രിയെ മുന്നിൽനിർത്തിയാണ് നയിച്ചതെന്നും അത് വലിയ തിരിച്ചടിയായെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഇനിയും പിണറായി വിജയൻതന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതിന് സമാനമായ തകർച്ച കേരളത്തിലും ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയത്തിന് ആക്കം കൂട്ടിയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവാകരുത് എന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധിയിലാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റുകളിൽ പോലും തോൽവിക്ക് കാരണമായതെന്നും വിമർശനമുയർന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായതിന് ശേഷം ആദ്യമായാണ് പിണറായിക്കെതിരെ ഇത്തരമൊരു വിമർശനം ഉണ്ടാകുന്നത്.
