തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും നിലവിൽ നഗരസഭ ഭരണപ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്ന ബിജെപി കൗൺസിലർ കാപ്പ കേസിൽ ജയിലിലാണെന്നും, അതിനൊപ്പം 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും കോടതി റദ്ദാക്കിയതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞ അസാധുവായ കൗൺസിലർമാർ പങ്കെടുത്ത കൗൺസിൽ യോഗങ്ങളിലെ തീരുമാനങ്ങൾക്ക് നിയമസാധുതയുണ്ടോ എന്നത് ഇപ്പോൾ നിർണായക ചോദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങൾക്കും ഇതോടെ സംശയം ഉയരുന്നുണ്ടെന്നും, നഗരസഭയിലെ പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. കൗൺസിൽ യോഗങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
