Your Image Description Your Image Description

തിരുവനന്തപുരം: ഇടുക്കിയിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധങ്ങൾ സംസ്ഥാനത്തിന് നാണക്കേടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  സംസ്ഥാന ഭരണത്തലവനെ ഇടുക്കിയിൽ കാലുകുത്തിക്കില്ലെന്ന സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നിലപാട് ജനാധിപത്യ സമൂഹം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കെ.സുരേന്ദ്രൻ.

സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയിൽ കണ്ടത്.  എംഎം മണി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഗവർണറെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. വളരെ മോശം പദം ഗവർണർക്കെതിരെ ഉപയോഗിച്ച മുൻ മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണം. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന ഗവർണറുടെ ആരോപണം ഗൗരവതരമാണ്. കേന്ദ്രസർക്കാർ മലയോരനിവാസികൾക്ക് വേണ്ടി നിയമം ഉണ്ടാക്കുമ്പോൾ സംസ്ഥാന സർക്കാർ അവരെ പ്രതിസന്ധിയിലാക്കാനാണ് നിയമം ഉണ്ടാക്കുന്നത്.

പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയെ ചോദ്യം ചെയ്തതാണ് ഗവർണർക്കെതിരെ സിപിഎമ്മിന്റെ പുതിയ പ്രകോപനത്തിന് കാരണം. സർക്കാരിന്റെയും ഇടതുമുന്നണിയുടേയും ഭീഷണിക്ക് വക വെക്കാതെ ചടങ്ങ് സംഘടിപ്പിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ അഭിനന്ദിക്കുന്നു. കേരളത്തിൽ ഇത്തരം വിലകുറഞ്ഞ ഭീഷണികളൊന്നും ചിലവാകില്ലെന്ന് ഇന്നത്തെ ഗവർണറുടെ പരിപാടിയുടെ വിജയത്തോടെ പിണറായി വിജയന് മനസിലായി കാണുമെന്നും കെ.സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *