Your Image Description Your Image Description

കൊല്ലം: ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആര്‍ടിസി ബസ് കേടായി വനത്തില്‍ കുടുങ്ങിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ അജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസ് കേടായതിനെ തുടര്‍ന്ന് പകരമെത്തിയ ബസ് ഓടിക്കാന്‍ വിസമ്മതിച്ചെന്ന കാരണം കാണിച്ചാണ് സസ്‌പെന്‍ഷന്‍ നൽകിയത്. പത്തനംതിട്ട ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് 3.30-ഓടെ പകരം ബസ് വന്നു. 36 യാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ട ബസിനു പകരം 32 സീറ്റുള്ള ബസാണ് പത്തനംതിട്ടയില്‍ നിന്നു വന്നത്.

പിന്നീട് എഴുപത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിയിരുന്നിട്ടും നാലു യാത്രക്കാര്‍ നിന്നു സഞ്ചരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ യാത്ര തുടരാന്‍ തീരുമാനിച്ചു. ബസ് നൂറുമീറ്റര്‍ പിന്നിട്ടപ്പോള്‍ ക്ലച്ചിനു തകരാറുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ ബസ് നിര്‍ത്തി, പഴയ ബസ് ശരിയാക്കിക്കൊണ്ടിരുന്ന മെക്കാനിക്കുകളെ വിവരമറിയിച്ചു. മെക്കാനിക്കുകളെത്തി താത്കാലികമായി ക്ലച്ച് ശരിയാക്കി നല്‍കി. സമയം വൈകുകയും ശക്തമായ മഴയും വന്യമൃഗഭീഷണിയും കാരണം യാത്ര തുടരാന്‍ സംഘം വിസമ്മതിച്ചു.

അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കി സംഘത്തെ കുമളിയില്‍ നിന്ന് ഗവി വഴി പത്തനംതിട്ടയ്ക്ക് ബസിലും അവിടെ നിന്ന് ചടയമംഗലത്തും എത്തിച്ചു. യാത്രാ സംഘത്തിന് പ്രാഥമിക സൗകര്യവും വെള്ളവും ലഭിക്കാത്തതും ഏറെ വിവാദമായിരുന്നു. ബസുകളുടെ കേടുപാടുകള്‍ക്ക് ജീവനക്കാരെ ശിക്ഷിക്കുന്ന കോര്‍പ്പറേഷന്‍ നടപടിയില്‍ ജീവനക്കാരില്‍ അമര്‍ഷം പുകയുകയാണ്. ഡ്രൈവര്‍ക്കെതിരേയുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയും ജീവനക്കാരും ഗതാഗത മന്ത്രിയെ കാണാന്‍ തീരുമാനിച്ചു. സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ അജിയും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.

ഗവി വനപാതയില്‍ മിക്കയിടത്തും മൊബൈല്‍ കവറേജ് ലഭിക്കാത്തതിനാല്‍ ഇവിടെ വാഹനങ്ങള്‍കുടുങ്ങുന്നത് പലപ്പോഴും വളരെ വൈകി മാത്രമാണ് പുറംലോകം അറിയുന്നത്. കെഎസ്ഇബി ജീവനക്കാരാണ് മിക്കപ്പോഴും വഴിയില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് തുണയാകുന്നത്. കഴിഞ്ഞ ദിവസം ബസ് കുടുങ്ങിയപ്പോഴും വൈദ്യുതി ജീവനക്കാരുടെ സമയോചിത ഇടപെടലാണ് യാത്രക്കാര്‍ക്ക് രക്ഷയായത്.

Leave a Reply

Your email address will not be published. Required fields are marked *