Your Image Description Your Image Description

പെര്‍പ്ലെക്‌സിറ്റി എഐയുടെ ഐഒഎസ് ആപ്പില്‍ പുതിയ എഐ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വേണ്ടി റിമൈന്ററുകള്‍ സജ്ജീകരിക്കുക, ഇമെയിലുകള്‍ എഴുതുക തുടങ്ങിയ വിവിധ ജോലികള്‍ ഈ വോയ്‌സ് അസിസ്റ്റന്റിന് ചെയ്യാനാകും. പെര്‍പ്ലെക്‌സിറ്റി ആപ്പ് പശ്ചാത്തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പോലും വോയ്‌സ് അസിസ്റ്റന്റുമായി സംസാരിക്കാന്‍ ഉപഭോക്താവിന് സാധിക്കും. അതേസമയം സ്‌ക്രീന്‍ ഷെയറിങ്, ക്യാമറ ഷെയറിങ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമല്ല. റെസ്റ്റോറന്റ് ബുക്ക് ചെയ്യല്‍, റിമൈന്ററുകള്‍ സെറ്റ് ചെയ്യല്‍ ഉള്‍പ്പെടെ ശബ്ദനിര്‍ദേശം നല്‍കി വിവിധ ജോലികള്‍ ചെയ്യാന്‍ ഈ സേവനം ഉപയോഗിച്ച് സാധിക്കും.

ഈ സേവനം പ്രവര്‍ത്തിക്കുന്നതിന് ആദ്യം സെറ്റിങ്‌സില്‍ ആവശ്യമായ അനുമതികള്‍ നല്‍കണം. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് പെര്‍പ്ലെക്‌സിറ്റിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. എന്നാൽ ആന്‍ഡ്രോയിഡ് ഫോണില്‍ പെര്‍പ്ലെക്‌സിറ്റി വോയ്‌സ് അസിസ്റ്റന്റ് ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നതോടെ ഐഫോണിലെ സിരിയ്ക്ക് സമാനമായ കഴിവുകള്‍ പെര്‍പ്ലെക്‌സിറ്റിയ്ക്ക് ലഭിക്കും. എങ്കിലും ഒഎസിലേക്ക് പൂര്‍ണമായ പ്രവേശനം ലഭിക്കാത്തതിനാല്‍ സിരിയും പെര്‍പ്ലെക്‌സിറ്റിയും തമ്മില്‍ വ്യത്യാസങ്ങളുണ്ടാവും.

തേർഡ് പാര്‍ട്ടി ആപ്പുകളുടെ പിന്തുണയോടെ കാബ് ബുക്ക് ചെയ്യാനും പോഡ്കാസ്റ്റുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവ തിരയാനും ഇന്റര്‍നെറ്റില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ കണ്ടെത്താനും സാധിക്കും. ഐഫോണിലെ ആക്ഷന്‍ ബട്ടന്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. സാംസങ്, മോട്ടോറോള പോലുള്ള സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ ജെമിനി എഐ ഒഴിവാക്കി പകരം പെര്‍പ്ലെക്‌സിറ്റി എഐ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഐ രംഗത്ത് ഓപ്പണ്‍ എഐ, ഗൂഗിള്‍, എക്‌സ്എഐ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ എതിരാളിയാണ് പെര്‍പ്ലെക്‌സിറ്റി എഐ. പ്രതിമാസം 20 ഡോളര്‍ നല്‍കുന്ന വരിക്കാര്‍ക്ക് പുതിയ എഐ അസിസ്റ്റന്റ് പരിധിയില്ലാതെ ഉപയോഗിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *