Your Image Description Your Image Description

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിളിച്ച യോഗത്തില്‍ പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും, രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാന്‍ അനുവദിക്കരുതെന്നും, വിനോദ സഞ്ചാരികള്‍ ഇനിയും കാശ്മീരിലേക്ക് വരണമെന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.

അതേസമയം, പെഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയില്‍ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ആക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ കിട്ടുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉ റപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവര്‍ക്ക് മൗനപ്രാര്‍ത്ഥനയിലൂടെ ആദരം അര്‍പ്പിച്ച ശേഷം ആയിരുന്നു മോദിയുടെ ശക്തമായ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *