Your Image Description Your Image Description

ഗുവാഹത്തി: പഹൽഗാമിലും പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങൾ സർക്കാർ ​ഗൂഢാലോചനയെന്ന് വിവാദ പരാമർശം. അസം എംഎൽഎ അമിനുൾ ഇസ്ലാമിനെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്. പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയാണ് അമിനുൾ ഇസ്ലാം. എഐയുഡിഎഫ് എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണവും പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതും സർക്കാരിന്റെ ഗൂഢാലോചനകളാണെന്ന പരാമർശത്തെ തുടർന്നായിരുന്നു അറസ്റ്റ്.

പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ധിംഗ് എംഎൽഎയായ അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് 152/196/197(1)/113(3)/352/353 പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്ന് അസം പൊലീസ് വ്യക്തമാക്കി.

അതേസമയം, എ.ഐ.യു.ഡി.എഫ് മേധാവി മൗലാന ബദറുദ്ദീൻ അജ്മൽ എംഎൽഎയെ പിന്തുണച്ച് രം​ഗത്തെത്തി. പാർട്ടി സർക്കാരിനൊപ്പം നിൽക്കുമെന്നും എംഎൽഎയുടെ പ്രസ്താവനയിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികൾക്ക് മതമില്ല, തീവ്രവാദം പ്രചരിപ്പിക്കുന്നവർ ഇസ്ലാമിന് എതിരാണ്. അവർ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ്. അമിനുൽ ഇസ്ലാമിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *