Your Image Description Your Image Description

ഡൽഹി: വിദേശ പൗരൻ എന്ന നിലയിൽ കുടുംബത്തോട് സംസാരിക്കണം എന്നത് മൗലികാവകാശമാണെന്ന റാണയുടെ വാദം തള്ളി കോടതി. കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണമെന്ന തഹാവൂർ റാണയുടെ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതിയാണ് തള്ളിയത്. മുംബൈ ഭീകരാക്രമണ കേസ് പ്രതി റാണയെ സംസാരിക്കാൻ അനുവദിച്ചാൽ നിർണ്ണായക വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് എൻഐഎ കോടതിയിൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി റാണയുടെ അപേക്ഷ തള്ളിയത്. തന്റെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് തഹാവൂർ റാണ. പാക്ക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക്, ലഷ്കറെ തയിബയും ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു.

ഹെഡ്‌ലിയുമായി നടത്തിയ ഇമെയിൽ ആശയവിനിമയത്തിൽനിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തിൽ പങ്കുവഹിച്ച ഐഎസ്ഐക്കാരനായ മേജർ ഇക്ബാലുമായി റാണയ്ക്കു നേരിട്ടു ബന്ധമുണ്ടായിരുന്നു.

മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറൽ കോടതികളിൽ റാണ നൽകിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബർ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറൽ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീൽ 21ന് സുപ്രീം കോടതിയും തള്ളി. ഇന്ത്യയ്ക്കു കൈമാറാൻ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നൽകി. ഇതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *