Your Image Description Your Image Description

തൃശൂർ: റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും തൃശൂർ സ്വദേശി ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. ഇന്നു തന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്നു മാസം മുമ്പ് യുദ്ധമുഖത്ത് മുഖത്ത് പരിക്കേറ്റ് ജയിന്‍ ചികിത്സയിലായിരുന്നു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം.

മോചനം സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് ജയിന്‍റെ അമ്മ ജസി പറഞ്ഞു. പുലർച്ചെ അഞ്ചരയോടെ ദില്ലിയിൽ എത്തിയെന്ന് വിളിച്ചറിയിച്ചു. 11.30യോടെ നെടുമ്പാശ്ശേരിയിൽ എത്തും. ജയിൻ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം പോയ ബിനിലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ജയിന്‍റെ അമ്മ പറഞ്ഞു. ബിനിലും ജയിനും ഒരുമിച്ചാണ് റഷ്യയിലേക്ക് പോയത്.

ഏജന്റ് മുഖേനയാണ് ജെയിന്‍ അടങ്ങിയ മൂന്ന് പേര്‍ റഷ്യയിലേക്ക് പോയത്. കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടെയുള്ള മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിൽ അകപ്പെടുത്തിയത്.

ജനുവരിലുണ്ടായ ആക്രമണത്തിൽ ജെയിനിന് ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തിലാണ് ബിനില്‍ കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്‍റെ മൃതദേഹം കണ്ടെന്ന് ജെയിനാണ് ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജെയിനും പരിക്കേറ്റു.

റഷ്യന്‍ കൂലിപട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ജെയിന്‍ കുര്യനെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും പട്ടാള ക്യാമ്പില്‍ എത്താനും 30 ദിവസം ചികിത്സ അവധിയില്‍ പ്രവേശിക്കാനുമായിരുന്നു നിര്‍ദേശം. പട്ടാള ക്യാമ്പിലെത്തിയാല്‍ തിരികെ വരാന്‍ ആവില്ലെന്നും സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും ജെയിന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *