Your Image Description Your Image Description

‘‘വലിയൊരു അധ്വാനത്തിന്റെ മധുരഫലമാണ് ഓരോ കേക്കിന്റെയും പിറവി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി തയ്യാറാക്കുന്ന കേക്കിന്റെ ഒരുക്കങ്ങൾ തുടങ്ങുന്നത് ഓഗസ്റ്റിലായിരിക്കും. ഉണക്കപ്പഴങ്ങളും തേനുമൊക്കെ അപ്പോഴേ ശേഖരിച്ചുതുടങ്ങണം. കീടനാശിനി പ്രയോഗം ഇല്ലാത്ത പഴങ്ങളാണ് കിട്ടിയിരിക്കുന്നതെന്ന് ഉറപ്പിക്കലാണ് ആദ്യത്തെ ഉത്തരവാദിത്വം. ഉണക്കപ്പഴങ്ങൾ ശേഖരിച്ചുതുടങ്ങുന്നതിനൊപ്പം വൈൻ നിർമാണവും തുടങ്ങും. 1500 കിലോ ഉണക്കപ്പഴങ്ങളും 300 ലിറ്റർ റെഡ് വൈനും 250 ലിറ്റർ തേനും 30 ലിറ്റർ റമ്മും 20 ലിറ്റർ ബ്രാണ്ടിയും ചേർന്നാണ് ഞങ്ങളുടെ കേക്ക് പിറവിയെടുക്കുന്നത്.

കഴിഞ്ഞ വർഷം 5000 കേക്കുകളാണ് ഞങ്ങൾ ഉണ്ടാക്കിയത്. ഇത്തവണ 8000 കേക്കുകളാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്…’’ -കേക്ക് നിർമാണത്തിന്റെ കഥ പറയുന്നതിനിടെ കലേഷ് എന്തോ ഓർത്തതുപോലെ അൽപ്പനേരം നിശ്ശബ്ദനായി. പിന്നെ, പുഞ്ചിരിയോടെ പറഞ്ഞു: ‘‘ഒരുപാട് വിഭവങ്ങൾ നമുക്കുണ്ടാക്കാൻ സാധിക്കും. പക്ഷേ, കേക്ക് ഒരു പ്രത്യേക അനുഭവമാണ്. സമ്മാനമായും അല്ലാതെയുമൊക്കെ ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും വേളയിൽ പ്രിയപ്പെട്ടവരിൽ നിന്ന് ഒരു കേക്ക് കിട്ടുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയല്ലേ..’’ -കലേഷ് പറഞ്ഞുനിർത്തുമ്പോൾ കേക്ക് അരികിൽ മണം നിറച്ചു.
ഒന്നാം നാൾ: യുദ്ധത്തിനു പോയ ഭർത്താവ് ആൽബർട്ടിനെയും കാത്തിരിക്കുമ്പോഴാണ് ജുവാൻ ലോബോ എന്ന ഫ്രഞ്ചുകാരി, പ്രിയപ്പെട്ടവനായി സ്‌ട്രോബറി കൊണ്ട് ഒരു കേക്കുണ്ടാക്കിയത്. എന്നാൽ, ആദ്യദിനം യുദ്ധം അവസാനിച്ചില്ല… ആൽബർട്ട് തിരിച്ചുവന്നുമില്ല.

രണ്ടാം നാൾ: പിറ്റേ ദിവസം പിസ്ത കൊണ്ട് ഒരു കേക്കുണ്ടാക്കി ജുവാൻ ആൽബർട്ടിനായി കാത്തിരുന്നു. എന്നാൽ, യുദ്ധം തീർന്നില്ല… അന്നും ആൽബർട്ട് വന്നില്ല. ജുവാൻ പിസ്ത കേക്ക് സ്‌ട്രോബറി കേക്കിനോട് ചേർത്തുവെച്ചു.

മൂന്നാം നാൾ: മുറ്റത്ത് ആദ്യമായി കായ്ച്ച ഓറഞ്ചുമരത്തിൽ നിന്ന് പഴുത്ത ഓറഞ്ചുകൾ ജുവാൻ പറിച്ചെടുത്തു. പ്രിയപ്പെട്ടവനായി പഴുത്ത ഓറഞ്ചുകൾ കൊണ്ട് കേക്കുണ്ടാക്കി അവൾ കാത്തിരുന്നു. പക്ഷേ, അന്നും അയാൾ വന്നില്ല.

നാലാം നാൾ: യുദ്ധം അവസാനിച്ച് ആൽബർട്ട് തിരിച്ചെത്തി. കൈക്കുടന്ന നിറയെ ചോക്ലേറ്റുമായാണ് ആൽബർട്ട് പ്രിയപ്പെട്ടവളുടെ അരികിലെത്തിയത്. പ്രിയപ്പെട്ടവൻ സമ്മാനിച്ച ചോക്ലേറ്റ്, ജുവാൻ കേക്കിലേക്ക് ഉരുക്കിച്ചേർത്തു. ഒരുമിച്ചിരുന്ന് സ്നേഹപൂർവം കേക്ക് കഴിക്കുമ്പോൾ ആൽബർട്ട് ജുവാന്റെ കാതിൽ മൊഴിഞ്ഞു: ‘‘പ്രിയപ്പെട്ടവളേ, നീ ഒരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു.’’

‘സോൾട്ട് ആൻഡ് പെപ്പർ’ എന്ന സിനിമയിൽ കാളിദാസൻ മായയോട് പറയുന്ന കഥ മറന്നുവോ… പ്രണയത്തിന്റെയും സ്നേഹത്തിന്റെയും മധുരത്തിൽ ഉരുക്കിയെടുത്ത കേക്കിന്റെ കഥ…? അതിനും എത്രയോ മുമ്പ് തലശ്ശേരിക്കാരൻ മമ്പള്ളി ബാപ്പുവിന്റെ കൈപ്പുണ്യത്തിലൂടെ മധുരമായൊരു അനുഭവമായി കേക്ക് നമ്മുടെയെല്ലാം നാവിലൂറിച്ച രസം മറന്നുവോ… നന്നായി പഴുത്തു പാകമായ മുന്തിരിപ്പഴങ്ങൾ വേവിച്ചെടുത്ത്, പഞ്ചസാരപ്പാനിയിലിട്ട്, മയപ്പെടുത്തിയ ധാന്യമാവിൽ കുഴമ്പുപോലെ ചേർത്ത്, ബാപ്പു ഒരുക്കിയ വിഭവം…? അന്നോളം പരീക്ഷിച്ചിട്ടില്ലാത്ത പാചകക്കൂട്ടുകളിലൂടെ ഒരു പുതിയ മധുരപലഹാരം ഉണ്ടാക്കാനുള്ള അടങ്ങാത്ത ആവേശത്തിലായിരുന്നു ബാപ്പു. തലശ്ശേരിയിൽ മമ്പള്ളി ‘റോയൽസ് ബിസ്കറ്റ് ഫാക്ടറി’ നടത്തിയിരുന്ന ബാപ്പുവിനോട് അക്കാലത്ത് പരിചയപ്പെട്ട ബ്രൗൺ സായിപ്പാണ് കേക്കുണ്ടാക്കാൻ ആവശ്യപ്പെട്ടതത്രേ. ഒരിക്കൽ ഇംഗ്ലണ്ടിൽ പോയി തിരിച്ചെത്തിയ ബ്രൗൺ സായിപ്പ് നാട്ടിൽനിന്നു കൊണ്ടുവന്ന പ്ലം കേക്കിൽ നിന്ന് കുറച്ച് ബാപ്പുവിന് കൊടുത്തിട്ട്, അതുപോലെ ഒരു വിഭവം ഉണ്ടാക്കാൻ കഴിയുമോയെന്ന് ചോദിച്ചു. കേക്കിന്റെ രസക്കൂട്ടുകളും സായിപ്പ് ബാപ്പുവിന് പറഞ്ഞുകൊടുത്തു. വെല്ലുവിളികൾ സധൈര്യം ഏറ്റെടുക്കാറുള്ള ബാപ്പു കേക്കിന്റെ കാര്യത്തിലും മറ്റൊന്നും ചിന്തിച്ചില്ല… അങ്ങനെയാണ് തലശ്ശേരിക്കാരൻ ബാപ്പുവിലൂടെ കേരളത്തിലെ ആദ്യത്തെ കേക്ക് പിറവിയെടുത്തതെന്നാണ് ഒരു കഥ.

ആഘോഷപൂർവം മിക്സിങ്‌

കഥകൾ കേട്ടിരിക്കാതെ കേക്കിന്റെ പിറവി കാണാൻ ഒരു സഞ്ചാരം… ആ യാത്രയാണ് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലെ കേക്കുപുരയിലെത്തിച്ചത്. തേനും പഞ്ചസാരയും വൈനും ഉണക്കപ്പഴങ്ങളും നിറച്ചുവെച്ച മേശക്കരികിലേക്കെത്തുമ്പോഴേ സ്വാദിന്റെ രസമുകുളങ്ങൾ പതിയെ ഉണർന്നുതുടങ്ങുകയായി. കേക്ക് നിർമാണത്തിന്റെ തുടക്കമായ ‘കേക്ക് മിക്സിങ്‌’ എന്ന പരിപാടി ഇപ്പോൾ ചിലരൊക്കെ ആഘോഷപൂർവമാണ് നടത്തുന്നത്. ക്രൗൺ പ്ലാസ ഹോട്ടൽ ലോബിയിൽ തയ്യാറാക്കിയ നീളമുള്ള വലിയ മേശപ്പുറത്തായിരുന്നു കേക്ക് മിക്സിങ്‌ നടത്തിയത്. 1500 കിലോ ഉണക്കപ്പഴങ്ങളും 250 ലിറ്റർ വൈനും 200 കിലോ പഞ്ചസാരയും 200 ലിറ്റർ തേനുമാണ് കേക്ക് മിക്സിങ്ങിനായി മേശപ്പുറത്തേക്കിട്ടത്. ഉണക്കപ്പഴങ്ങളിലേക്ക് തേനും വൈനും ഒഴിച്ച്, സിനമൺ പൗഡറും കാർഡമം പൗഡറും ചേർത്ത് അതിഥികളെല്ലാം കേക്ക് മിക്സിങ്‌ തുടങ്ങിയതോടെ മൂക്കിലേക്കെത്തുന്ന സുഗന്ധത്തിന്റെ അളവും കൂടിക്കൊണ്ടിരുന്നു. നന്നായി മിക്സ് ചെയ്ത മാവ് വലിയ കണ്ടെയ്‌നറുകളിലേക്ക് മാറ്റുന്നതാണ് അടുത്ത പരിപാടി. കാറ്റും ഈർപ്പവും കടക്കാതെ ഭദ്രമായി അടച്ച കണ്ടയ്‌നറുകൾ പിന്നെ സ്റ്റോർറൂമിലേക്ക് മാറ്റും. അവിടെ കുറഞ്ഞത് മൂന്നുമാസമെങ്കിലും വിശ്രമം.

ഇനി കേക്കുപുരയിലേക്ക്

ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, പ്ലം, ആപ്രിക്കോട്ട്, ഓറഞ്ചിന്റെ തൊലി, ഇഞ്ചി മിശ്രിതം, ഏലക്ക, ജാതിക്ക, ജാതിപത്രി, കറുവപ്പട്ട… മേശപ്പുറത്ത് നിരന്നിരിക്കുന്ന സാധനങ്ങൾ ഓരോന്നായി ചൂണ്ടിക്കാട്ടി ഷെഫ് കലേഷ് വാചാലനാകുമ്പോൾ ഒരു കേക്കിന്റെ പിറവി മുന്നിൽ തെളിയുകയായി. കേക്കുപുരയിലെ വലിയ മിക്സറിൽ വെണ്ണയും പഞ്ചസാരയും കശുവണ്ടിയും മുട്ടയും ചേർത്ത് അടിച്ചുകൊണ്ടിരിക്കുന്നു. അര മണിക്കൂറോളം മിക്സറിൽ അടിച്ചാലേ ഈ മിശ്രിതം നല്ല കുഴമ്പുരൂപത്തിലാകൂ. ഇതേസമയം തന്നെ നെയ്യും ഗ്ലൂക്കോസും തേനും പാലും കാരമൽ പൗഡറും ചേർത്ത മറ്റൊരു മിശ്രിതം ഇളംചൂടിൽ വേവിക്കുന്നുണ്ടായിരുന്നു. ആ മിശ്രിതം ആദ്യം മിക്സറിൽ അടിച്ചെടുത്ത കുഴമ്പിലേക്ക് ചേർത്ത്, വീണ്ടും ഒരു മിക്സറിൽ അടിക്കണം. മധുരവും സ്വാദും ഇഴചേരുന്ന ആ മിശ്രിതം റെഡിയാകുമ്പോഴേക്കും കേക്ക് നിർമാണത്തിന്റെ ഒരുഘട്ടം പിന്നിടുകയായി.

മിക്സറിൽ അടിച്ചു തയ്യാറാക്കിയ മിശ്രിതം വലിയൊരു ചെമ്പിലേക്ക് പകർത്തുന്നതാണ് അടുത്ത ഘട്ടം. ഈ മിശ്രിതത്തിലേക്കാണ് മൂന്നുമാസം മുമ്പ് തയ്യാറാക്കി കണ്ടെയ്‌നറിൽ സൂക്ഷിച്ചിരുന്ന പഴമിശ്രിതം ചേർക്കുന്നത്. കട്ടപിടിച്ചിരിക്കുന്ന മിശ്രിതം നന്നായി അടർത്തിയെടുത്തു വേണം മിശ്രിതത്തിൽ ചാലിക്കേണ്ടത്. ഈ സമയത്ത് പഴം കട്ട പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ നന്നായി ഇളക്കിക്കൊണ്ടിരിക്കുകയും വേണം. മൈദയും കൊക്കോ പൗഡറും ബേക്കിങ് പൗഡറും ചേർന്ന ഒരു പൊടിമിശ്രിതം അപ്പോഴേക്കും മറ്റൊരാൾ അപ്പുറത്ത് തയ്യാറാക്കിയിട്ടുണ്ടാകും. ഈ മിശ്രിതവും കട്ടപിടിക്കാതെ ഇളക്കി മൃദുലമാക്കലാണ് പ്രധാനം. കേക്കിന്റെ സ്വാദ് ഒളിച്ചിരിക്കുന്നത് ഇതിലൂടെ ലഭിക്കുന്ന മൃദുത്വത്തിലായിരിക്കും. ഈ പൊടിമിശ്രിതവും ചേർത്ത് നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് നന്നായി ചേർത്ത് ഇളക്കുന്നതോടെ കേക്കിന്റെ മാവ് റെഡി.

ഓവനിലെ സൃഷ്ടികാലം

കൃത്യമായ ചേരുവകളിൽ തയ്യാറാക്കിയ മാവ് കേക്കായി മാറ്റുന്ന കഥയാണ് ഇനി കേൾക്കാനുള്ളത്. ആ കഥ നമ്മളോട് പറഞ്ഞുതരുന്നത് കേക്ക് നിർമാണത്തിലെ ഉസ്താദ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആൽബിൻ തോമസാണ്. ‘‘150 ഡിഗ്രി സെൽഷ്യസിൽ 110 മിനിറ്റു നേരം ഓവനിൽ വെച്ചാണ് കേക്ക് പാകപ്പെടുത്തിയെടുക്കുന്നത്. ഓവനിന്റെ അടിയിൽ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ചുവെച്ചിട്ടുണ്ടാകും. ആ പാത്രത്തിൽ നിന്ന് നീരാവി മേലോട്ടുയർന്നുകൊണ്ടിരിക്കുന്നതിനാൽ പാകമായിക്കൊണ്ടിരിക്കുന്ന കേക്കിൽ നല്ല ഈർപ്പമുണ്ടാകും. ഇങ്ങനെ നീരാവിയടിപ്പിക്കുന്നതിലൂടെയാണ് കേക്കിന് മൃദുത്വം നൽകുന്നത്. 110 മിനിട്ട് തികയുന്ന സമയത്ത് ഓവൻ മണിയടിക്കും. അപ്പോൾത്തന്നെ കൃത്യമായി ഓവൻ തുറക്കണം. അല്ലെങ്കിൽ വീണ്ടും കറങ്ങിത്തുടങ്ങി കേക്ക് കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ഓവനിൽ നിന്ന് പുറത്തേക്കെടുക്കുന്ന കേക്കുകൾ ശീതീകരിച്ച സ്റ്റോർ മുറികളിലേക്ക് മാറ്റും. അവിടെ നിന്നാണ് പാക്കിങ്‌ നടത്തുന്നത്. പാക്കിങ്ങിന് തൊട്ടുമുമ്പായി കേക്കിന് മേൽ റം സ്‌പ്രേ ചെയ്യുന്നത് കൂടുതൽ മൃദുത്വം കിട്ടാൻ സഹായിക്കും..’’ -കഥ പറയുമ്പോഴും കേക്കിനുമേൽ റം സ്‌പ്രേ ചെയ്യുന്ന തിരക്കിലായിരുന്നു ആൽബിൻ.

Leave a Reply

Your email address will not be published. Required fields are marked *