Your Image Description Your Image Description

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഇന്ത്യയിലെ രണ്ടാമത്തെ ഡിസൈനിങ് സ്റ്റുഡിയോ ചെന്നൈയില്‍ ആരംഭിച്ചു. യൂറോപ്പിന് പുറത്തുള്ള റെനോയുടെ ഏറ്റവും വലിയ ഡിസൈനിങ് കേന്ദ്രമാണിത്. 2005-ല്‍ പുണെയിലായിരുന്നു റെനോ ആദ്യം ഡിസൈനിങ് സ്റ്റുഡിയോ സ്ഥാപിച്ചത്.1.5 ദശലക്ഷം യൂറോയുടെ (14.68 കോടി രൂപ) നിക്ഷേപത്തിന്റെ ഫലമാണ് റെനോ ഡിസൈന്‍ സെന്റര്‍ ചെന്നൈ (ആര്‍ഡിസിസി). 15,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ കേന്ദ്രം ഇന്ത്യക്ക് വേണ്ടി മാത്രമല്ല, യൂറോപ്പ് ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികള്‍ക്കായും പുതിയ കാറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായാണ് സജ്ജമാക്കിയിരിക്കുന്നത്.

ചടങ്ങില്‍, ഒരു 3D ശില്‍പവും റെനോ അനാച്ഛാദനം ചെയ്തു. ഇത് വരാനിരിക്കുന്ന പുതിയ തലമുറ ഡസ്റ്ററിന്റെ പ്രിവ്യൂ ആണെന്നാണ് കരുതുന്നത്.2027 ഏപ്രിലോടെ ഇന്ത്യയില്‍ അഞ്ച് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ പരിഷ്‌ക്കരിച്ച പതിപ്പുകളും ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന എല്ലാ മോഡലുകളിലും സണ്‍റൂഫ് ഓപ്ഷന്‍ ഉണ്ടാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. അടുത്ത തലമുറ ഡസ്റ്റര്‍, അതിന്റെ 7 സീറ്റര്‍ പതിപ്പ്, എസ്യുവികള്‍, പ്രാദേശികമായി നിര്‍മിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗര്‍, ട്രൈബര്‍ എന്നിവയുടെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ എന്നിവ പുതിയ നിരയില്‍ ഉള്‍പ്പെടും.

മൂന്നാം തലമുറ ഡസ്റ്റര്‍ 2026-ലാകും എത്തുക. തൊട്ടുപിന്നാലെ 7സീറ്റര്‍ വേരിയന്റും വരും. 2021-ല്‍ പുറത്തിറങ്ങിയ ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ രണ്ട് എസ്യുവികളും. റെനോയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്ന് CMF-A പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഡാസിയ സ്പ്രിങ് ഇവിയുടെ പ്രാദേശികവല്‍ക്കരിച്ച പതിപ്പായിരിക്കാനാണ് സാധ്യത.

ഡാസിയ സ്പ്രിങ്ങിന്റെ ഐസിഇ പതിപ്പാണ് ഇന്ത്യയില്‍ റെനോ ക്വിഡ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് പതിപ്പിനെ ഇന്ത്യയില്‍ ക്വിഡ് ഇവി എന്ന് വിളിക്കാനാണ് സാധ്യത. അടുത്ത തലമുറ കൈഗര്‍, ട്രൈബര്‍ എന്നിവയ്ക്ക് മെച്ചപ്പെടുത്തിയ ഇന്റീരിയറുകള്‍ക്കൊപ്പം ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *