Your Image Description Your Image Description

അണുബോംബിനെക്കാൾ മാരകമായൊരു ആയുധം ചൈന വികസിപ്പിച്ചു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹൈഡ്രജൻ ബോം​ബ് എന്നാണ് ചൈന പരീക്ഷിച്ച ആയുധത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. നിലവിൽ വിവിധ രാജ്യങ്ങളുടെ കൈവശം ഹൈഡ്രജൻ ബോംബുകളുള്ളപ്പോൾ എന്താണ് ചൈന പരീക്ഷിച്ച ഹൈഡ്രജൻ ബോം​ബിന് ഇത്ര പ്രത്യേകത എന്ന ചർച്ചകളും ഇതോടെ സജീവമായിരുന്നു. ഈ പുതിയ ആയുധത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത ഹൈഡ്രജൻ ബോംബ് അല്ല ചൈന ഇപ്പോൾ പരീക്ഷണം നടത്തിയിരിക്കുന്നത്. മഗ്‌നീഷ്യം ഹൈഡ്രൈഡ് ഉപയോഗിച്ചാണ് ചൈന ഉഗ്രരൂപിയായ ഈ ആയുധം നിർമ്മിച്ചിരിക്കുന്നത്. ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് മഗ്‌നീഷ്യം ഹൈഡ്രൈഡ് ഉപയോഗിച്ചുള്ള മാരകായുധം വികസിപ്പിച്ചത്.

വാതകാവസ്ഥയിൽ സംഭരിക്കാവുന്നതിനേക്കാൾ കൂടുതൽ അളവിൽ ഹൈഡ്രജൻ മഗ്‌നീഷ്യം ഹൈഡ്രൈഡിലുണ്ട്. അതിനാലാണ് ആണവോർജ്ജത്തിന് പകരമായി മഗ്‌നീഷ്യം ഹൈഡ്രൈഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബോംബ് പ്രവർത്തന സജ്ജമായാൽ രണ്ട് സെക്കന്റിൽ ശത്രു കേന്ദ്രങ്ങളെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ സാധിക്കുന്നതാണ് ചൈന വികസിപ്പിച്ച പുതിയ ഹൈഡ്രജൻ ബോംബ്.

ബോംബ് ആക്ടീവായാൽ ഇതിലെ മഗ്‌നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കാൻ തുടങ്ങും. അതിഭീമമായ താപം ഉത്പാദിപ്പിക്കുന്നതിനൊപ്പം രാസപ്രവർത്തനത്തിന്റെ ഉപഫലമായി ഹൈഡ്രജൻ വാതകവും പുറത്തുവരും. പുറത്തുവരുന്ന ഹൈഡ്രജൻ വാതകത്തിന് തീപിടിക്കുന്നതോടെ താപം കൂടുതൽ വർദ്ധിക്കും.

ഇത്തരത്തിൽ രണ്ട് സെക്കന്റുകൾക്കുള്ളിൽ 1000 ഡിഗ്രിക്ക് മുകളിലേക്ക് താപം ഉയരും എന്നതാണ് സവിശേഷത. ലോഹങ്ങൾ ഉൾപ്പെടെ ഉരുകി ഒലിക്കാൻ വെറും രണ്ട് സെക്കന്റിൽ സാധിക്കും. രണ്ട് കിലോ ഭാരം വരുന്ന ബോംബാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിൽ നിയന്ത്രിത സ്‌ഫോടനമാണ് ഗവേഷകർ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

മഗ്‌നീഷ്യം ഹൈഡ്രൈഡ് സ്‌ഫോടനത്തിൽ ചെറു തരികളായി രൂപാന്തരപ്പെട്ട് അന്തരീക്ഷവുമായി പ്രതിപ്രവർത്തിച്ച് ഇവ ചൂടുപിടിക്കുകയും തുടർന്ന് ഇവയിൽ നിന്ന് ഹൈഡ്രജൻ വാതകം പുറംതള്ളുകയും ചെയ്യും. ഇതോടെ സമീപ പ്രദേശങ്ങളിലേക്ക് കൂടി ഇത് വ്യാപിച്ച് കത്തി പടരും. ഇതിലൂടെ പുറത്തുവന്ന താപം കൂടുതൽ മഗ്‌നീഷ്യം ഹൈഡ്രൈഡിനെ വിഘടിപ്പിക്കുകയും ചെയിൻ റിയാക്ഷൻ പോലെ പുറത്തുവരുന്ന താപത്തിന്റെ അളവ് വർധിക്കുകയും ചെയ്യുന്നു.

പുതിയ ആയുധം അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിന് പിന്നിലും ഒരു കാരണമുണ്ട്. രാസപ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും എന്നതാണ് ഇതിന്റെ പ്ര​ഹരശേഷി വർധിപ്പിക്കുന്നത്. വളരെ കുറഞ്ഞ അളവിലുള്ള മഗ്‌നീഷ്യം ഹൈഡ്രഡിന് ശത്രുക്കളുടെ പൂർണമായ ഉന്മൂലത്തിന് സാധിക്കുമെന്നാണ് ഈ പുതിയ ആയുധത്തെ കുറിച്ച് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts