Your Image Description Your Image Description

കാശത്ത് പലവിധ പ്രതിഭാസങ്ങള്‍ സംഭവിക്കാറുണ്ട്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഗ്രഹങ്ങളുടെ പരേഡും അങ്ങനെ പല കാഴ്ചകളും. ആകാശത്ത് അത്യപൂര്‍വമായി സംഭവിക്കുന്ന ഗ്രഹങ്ങളുടെ അത്യപൂര്‍വമായ സംഗമനിമിഷങ്ങളുണ്ട്. ഈ ആഴ്ച അത്തരം ഒരു കാഴ്ച കാണാന്‍ മനുഷ്യര്‍ക്ക് അവസരം ലഭിക്കും. പുലര്‍ച്ചെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശം നിങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയൊന്ന് ആലോചിച്ച് നോക്കൂ. ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റേയും അപൂര്‍വമായ സംഗമക്കാഴ്ചയാണ് ഒരു ചിരിക്കുന്ന മുഖം പോലെ ഭൂമിയില്‍ നിന്ന് കാണപ്പെടുക. ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

നാസയുടെ വാനനിരീക്ഷകര്‍ പറയുന്നതനുസരിച്ച് ഏപ്രില്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഈ കാഴ്ച കാണാനാവുക. ലോകത്തെല്ലായിടത്തും തെളിഞ്ഞ കിഴക്കന്‍ ആകാശത്ത് ഈ കാഴ്ച കാണാനാവുമെന്നും വാനനിരീക്ഷകര്‍ പറയുന്നു. രണ്ട് ബഹിരാകാശ വസ്തുക്കള്‍ ആകാശത്ത് അടുത്തടുത്തായി കാണപ്പെടുന്ന പ്രതിഭാസത്തെയാണ് കണ്‍ജങ്ഷന്‍ എന്ന് വിളിക്കുന്നത്. അത്തരത്തില്‍ മൂന്ന് ബഹിരാകാശ വസ്തുക്കള്‍ ഒന്നിച്ച് കാണപ്പെടുമ്പോഴാണ് ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ എന്ന് വിളിക്കുന്നത്. അത്യപൂര്‍വമായി മാത്രമാണ് ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ സംഭവിക്കാറുള്ളത്. ഏപ്രില്‍ 25 ന് സംഭവിക്കുന്ന ഈ ട്രിപ്പിള്‍ കണ്‍ജങ്ഷനില്‍ ശുക്രനും ശനിയും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മുഖത്തിലെ രണ്ട് കണ്ണുകളായും ചന്ദ്രക്കലരൂപത്തില്‍ കാണപ്പെടുന്ന ചന്ദ്രന്‍ ചിരിക്കുന്ന ഒരു പുഞ്ചിരി പോലെയും തോന്നും.

ഏപ്രില്‍ 25 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 ന് സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പായി ഈ ഗ്രഹ സംഗമം ആകാശത്ത് കാണാം. തുറസ്സായ കിഴക്കന്‍ ആകാശം കാണുന്ന പ്രദേശങ്ങളില്‍ നിന്ന് മാത്രമേ ഈ കാഴ്ച കാണാൻ സാധിക്കൂ. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളെ കാണാം. എന്നാല്‍ ചിരിക്കുന്ന മുഖം വ്യക്തമായി കാണണമെങ്കില്‍ ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിക്കേണ്ടി വരും. ഭാഗ്യമുണ്ടെങ്കില്‍ ഈ സ്‌മൈലി ഫേയ്‌സിന് താഴെയായി, ബുധനെയും കാണാനാവും. ഏപ്രില്‍ 21-22 തീയ്യതികളിലായി നടക്കുന്ന ലൈറിഡ് ഉല്‍ക്കാമഴയ്ക്ക് പിന്നാലെയാണ് ഈ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *