Your Image Description Your Image Description

സൗദി സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യ സന്ദർശനത്തിനിടെ ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലും ചർച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി പതിനായിരം പേർക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളുവെന്നും ഇതുയർത്താൻ ശ്രമിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

സൗദി കിരീടവകാശി മൊഹമ്മദ് ബിൻ സൽമാന്‍റെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി ജിദ്ദയിലെത്തുന്നത്. ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതിൽ സർക്കാർ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ യാത്രയ്ക്ക് നടപടികൾ പൂർത്തിയായി കഴിഞ്ഞു. എന്നാൽ, സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 52,000 പേരെ കൊണ്ടു പോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ ഇത് റദ്ദാകുകയായിരുന്നു.

അതേസമയം സൗദിയുമായുള്ള നിരന്തര ചർച്ചകൾക്ക് ശേഷം ഇതിൽ 10,000 പേർക്ക് അനുമതിയായി. പതിനായിരം പേരെ കൂടി അനുവദിക്കുന്നത് ചർച്ചയിലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *