Your Image Description Your Image Description

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാർക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങളെ രൂക്ഷമായി വിമർശിച്ച് മിനസോട്ട ഗവർണറും ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ടിം വാൾസിൻറെ മകൾ ഹോപ്പ് വാൾസ്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ യേശുവിനെയും ട്രംപ് ഭരണകൂടം ഇന്ന് നാടുകടത്തുമായിരുന്നു എന്നായിരുന്നു ഹോപ്പ് വാൾസിന്റെ പ്രതികരണം. മേരിലാൻഡിലെ കിൽമാർ അബ്രേഗോ ഗാർസിയയെ നാടുകടത്തിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഹോപ്പ് വാൾസ് രം​ഗത്തെത്തിയത്.

ഡൊണൾഡ് ട്രംപ് ഭരണകൂടം ‘തെറ്റായി നാടുകടത്തിയ’ ഗാർസിയയെ തിരികെ കൊണ്ടുവരില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഗാർസിയ എംഎസ്-13 ഗുണ്ടാസംഘത്തിലെ അംഗമാണെന്നാണ് വൈറ്റ് ഹൗസിൻറെ വാദം. യേശു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ഈ ഭരണകൂടം അദ്ദേഹത്തെ പിടികൂടി മതിയായ നടപടിക്രമങ്ങൾ കൂടാതെ ഈ രാജ്യത്ത് നിന്ന് പുറത്താക്കിയേനെ എന്നും ഹോപ്പ് പറഞ്ഞു. യേശു എംഎസ്-13 ഗുണ്ടാസംഘത്തിലെ അംഗമാണെന്ന് ഭരണകൂടം അവകാശപ്പെടുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

“ചില ആളുകൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം എത്ര വ്യക്തമായി വിവരിച്ചിട്ടും ആളുകൾ അതിനെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ആളുകളിലെ നന്മയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു… നമ്മുടെ ഉള്ളിൻറെ ഉള്ളിൽ നമ്മൾ പരസ്പരം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അത് ശരിക്കും പരീക്ഷിക്കപ്പെടുകയാണ്. കാരണം ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുന്നു എന്നത് ഭയപ്പെടുത്തുന്നു” – ഹോപ്പ് ഒരു വീഡിയോയിൽ പറഞ്ഞു. ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും ഹോപ്പ് എല്ലാവരോടും അഭ്യർത്ഥിച്ചു.

മാർച്ച് 15നാണ് ഗാർസിയയെ യുഎസ് എൽസാൽവഡോറിലേക്ക് നാടുകടത്തിയത്. എൽ സാൽവഡോറിൽ തെറ്റായി തടങ്കലിൽ വച്ചിരിക്കുന്ന അബ്രെഗോ ഗാർസിയയെയും മറ്റ് കുടിയേറ്റക്കാരെയും കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഡെമോക്രാറ്റുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗാർസിയയെ തിരികെ കൊണ്ടുവരാൻ കോടതി ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുക്കെലെ വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപിനെ കാണാൻ എത്തിയപ്പോൾ ഗാർസിയയെ തിരികെ കൊണ്ടുവരില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഗാർസിയയെ വിട്ടയക്കാൻ അവിടത്തെ സർക്കാർ തീരുമാനിച്ചാൽ സാൽവഡോറിലേക്ക് ഒരു വിമാനം അയയ്ക്കുമെന്നായിരുന്നു അമേരിക്ക നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ഒരു കുറ്റവാളിയെ വിട്ടയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും അസംബന്ധമാണെന്ന് പറഞ്ഞ ബുക്കെലെ ഈ നിർദ്ദേശം പൂർണ്ണമായും നിരസിച്ചു.

നയിബ് ബുക്കെലെയുടെ സഹായത്തോടെ ട്രംപ് നൂറുകണക്കിന് കുടിയേറ്റക്കാരെ എൽസാൽവഡോറിലേക്ക് നാടുകടത്തിയിരുന്നു. ഇതിലൊരാളായിരുന്നു അബ്രെഗോ ഗാർസിയ. യുഎസിൽ നിന്ന് നാടുകടത്തുന്നവരെ തങ്ങളുടെ മെ​ഗാ ജയിലിൽ പാർപ്പിക്കാമെന്ന് ബുക്കെലെ യുഎസ് സർക്കാരിന് ഉറപ്പും നൽകിയിരുന്നു. ആറ് മില്ല്യൺ ഡോളർ സ്വീകരിച്ചുകൊണ്ട് ജയിൽ സംവിധാനത്തിന്റെ ഒരു ഭാ​ഗം യുഎസിനായി നീക്കി വെക്കാമെന്നായിരുന്നു ബുക്കെലെയുടെ വാ​ഗാദാനം.

അബ്രെഗോ ഗാർസിയയെ തിരിച്ചെടുക്കാൻ ആവശ്യപ്പെടാൻ പദ്ധതിയില്ലെന്ന് യുഎസ് സർക്കാർ തിങ്കളാഴ്ച കോടതി ഫയലിംഗുകളിലും വൈറ്റ് ഹൗസിലും സൂചിപ്പിച്ചിരുന്നു. ഈ തീരുമാനം കോടതിയെ വെല്ലുവിളിക്കുന്നതാണോ എന്ന വിമർശനവും ഉയർത്തുന്നുണ്ട്. അതേസമയം, ഗാർസിയയെ തിരികെയെത്തിക്കാനുള്ള നടപടി തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും യുഎസ് ആരോപിക്കുന്ന ഗുണ്ടാസംഘവുമായി ഗാർസിയക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗാർസിയയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

സെൻട്രൽ അമേരിക്കൻ രാജ്യത്തെ സൂപ്പർമാക്‌സ് ജയിലിലേക്ക് ആളുകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങൾ നടക്കുന്നതിനിടയിലാണ് ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ അവിടേക്ക് അയച്ചത്. ട്രെൻ ഡി അരാഗ്വ, എംഎസ്13 എന്നീ ഗുണ്ടാസംഘങ്ങളിലെ അംഗങ്ങൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നടപടിയെക്കുറിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അന്ന് നൽകിയിരുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts