Your Image Description Your Image Description

പോത്തൻകോട്: കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ലഹരി സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്. എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം.

ആദ്യ ആക്രമണശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കെതിരേ വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:15 ഓടെ അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാല് നൽകി തിരികെ വരികയായിരുന്ന രജനീഷിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. മൂന്നര മണിയോടെ ഇവരുടെ പശു ഫാമിലെത്തിയ എട്ടംഗ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു.

പോലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുവെന്നാണ് ഉയരുന്ന ആരോപണം. വാളുകൊണ്ടുള്ള വെട്ടിൽ രതീഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെട്ട് തടഞ്ഞപ്പോൾ കയ്യിലും വെട്ടേറ്റു. ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെ മൺവെട്ടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു. പരിക്കേറ്റ ഇവരെ കന്യാകുളങ്ങര ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. എന്നാൽ സംഘം മെഡിക്കൽ കോളേജിൽ എത്തുകയും പരിക്കേറ്റവരുടെ മുന്നിൽ വെച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *