Your Image Description Your Image Description

ദുബൈ: രാജ്യത്തെ എല്ലാ സ്‌കൂള്‍ ബസുകളിലും അഗ്‌നിശമന സംവിധാനം നിര്‍ബന്ധമാക്കി യുഎഇ. ഏപ്രില്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. എല്ലാ സ്‌കൂള്‍ ബസുകളിലും എന്‍ജിന്‍ തീപിടിത്തം കണ്ടെത്തുന്നതിനും സ്വമേധയാ അണക്കുന്നതിനുമുള്ള നൂതന സംവിധാനം ഘടിപ്പിച്ചിരിക്കണമെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം വ്യക്തമാക്കി.

ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള ഉപകരണങ്ങള്‍ മാത്രമേ ഘടിപ്പിക്കാവൂ. പുതിയ നീക്കത്തിലൂടെ ഏകദേശം അഞ്ചു ലക്ഷം കുട്ടികളുടെ ദൈനംദിന യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കും. ഏപ്രില്‍ 15 മുതല്‍ വ്യവസായ, നൂതന സാങ്കേതിക വിദ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സംവിധാനമില്ലാത്ത സ്‌കൂള്‍ ബസുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് ബന്ധപ്പെട്ട എമിറേറ്റ്‌സ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ ഉറപ്പുവരുത്തും.

ആദ്യഘട്ടമെന്ന നിലയിലാണ് എല്ലാ സ്‌കൂള്‍ ബസുകളിലും സംവിധാനം നിര്‍ബന്ധമാക്കിയത്. വൈകാതെ മറ്റ് ബസുകളിലും വ്യാപിപ്പിക്കാനാണ് പദ്ധതി. ഡ്രൈവര്‍ ഉള്‍പ്പെടെ 22 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സിംഗിള്‍ ഡെക്ക്, ഡബിള്‍ ഡെക്ക് ഉള്‍പ്പെടെ പുതിയതും നിലവിലുള്ളതുമായ എല്ലാ സ്‌കൂള്‍ ബസുകള്‍ക്കും ഈ മാനദണ്ഡം ബാധകമാണ്.

പ്രാഥമികമായി സ്‌കൂള്‍ ബസുകളുടെ സുരക്ഷയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും അടുത്ത ഘട്ടം പൊതുഗതാഗത രംഗത്തും മാനദണ്ഡം വ്യാപിപ്പിക്കുമെന്ന് ദുബൈ സിവില്‍ ഡിഫന്‍സിന്റെ എമിറേറ്റ്‌സ് സേഫ്റ്റി ലബോറട്ടറി ജനറല്‍ മാനേജര്‍ ഡേവിഡ് കാംബല്‍ പറഞ്ഞു. ഇതുവഴി രാജ്യത്തെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ ഉപകരണങ്ങളുടെ ദാതാക്കളായ താബ്‌റയുമായി സഹകരിച്ച് യു.കെ ആസ്ഥാനമായ കമ്പനി സുരക്ഷ ഉപകരണം ബസുകളില്‍ ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 17,000 ബസുകളില്‍ ഉപകരണം ഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവരെ 2500 ബസുകളില്‍ സംവിധാനം ഘടിപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *