Your Image Description Your Image Description

ഒരു സീസണില്‍ 400 റണ്‍സ് പോലും നേടാനാകാതെ രോഹിത് ശര്‍മ കളിക്കുന്നത് നിരാശപ്പെടുത്തുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. പവര്‍പ്ലെയില്‍ ആധിപത്യം സ്ഥാപിക്കുക എന്ന തന്ത്രം സ്വീകരിച്ചതോടെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ ഏറെക്കാലമായി താരത്തില്‍ നിന്നുണ്ടാകുന്നില്ല. രോഹിതിന്റെ ഐതിഹാസിക കരിയറിന് കളങ്കമുണ്ടാക്കുകയാണ് ഐപിഎല്ലിലെ മോശം പ്രകടനമെന്നും സേവാഗ് പറയുന്നു.

‘കഴിഞ്ഞ 10 വര്‍ഷത്തിലെ ഐപിഎല്‍ പരിശോധിക്കുകയാണെങ്കില്‍ രോഹിത് ഒരു തവണ മാത്രമാണ് 400 റണ്‍സിലധികം സീസണില്‍ അടിച്ചിട്ടുള്ളത്. സീസണില്‍ 500, 700 റണ്‍സ് താന്‍ അടിക്കണമെന്ന് ചിന്തിക്കുന്ന തരം താരമല്ല രോഹിത്. അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ രോഹിതിന് അതിന് കഴിയും. ഇന്ത്യന്‍ നായകനായപ്പോള്‍ പവര്‍പ്ലെ പരമാവധി ഉപയോഗിക്കണമെന്ന നയം സ്വീകരിച്ചു. പക്ഷേ, അതുകൊണ്ട് പല ഇന്നിങ്‌സുകളും രോഹിതിന് ത്യാഗം ചെയ്യേണ്ടി വന്നു. രോഹിതിന്റെ വിരമിക്കല്‍ സമയം അടുത്തു വരുന്നു. കരിയര്‍ അവസാനിക്കുന്നതിന് മുന്‍പ് ആരാധകര്‍ക്ക് എന്തെങ്കിലും ഓര്‍മ്മിക്കാന്‍ നല്‍കണ്ടേ. എന്തുകൊണ്ട് ടീമില്‍ ഇപ്പോഴും തുടരുന്നു എന്ന ചോദ്യമാണ് രോഹിതിന്റെ ഇന്നിങ്‌സുകള്‍ നല്‍കുന്നത്,’ സേവാഗ് വ്യക്തമാക്കി.

ആക്രമണ ശൈലി ഒഴിവാക്കി തന്റെ മൂല്യം ഐപിഎല്ലില്‍ തെളിയിക്കാന്‍ രോഹിത് തയാറാകണമെന്നും സേവാഗ് ആവശ്യപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് ടീമിലുള്ള ആരെങ്കിലും ഒരാള്‍ രോഹിതിനൊപ്പമിരുന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ’10 പന്തുകള്‍ അധികം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കു. കളിക്കാനുള്ള ഒരു അവസരം ഉണ്ടാക്കിയെടുക്കൂ. ബാക്ക് ഓഫ് ലെങ്ത് പന്തുകളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് പലതവണ ഔട്ടാകുന്നുണ്ട്. പുള്‍ ഷോട്ട് കളിക്കില്ലെന്ന് തീരുമാനമെടുത്ത് ഒരു ഇന്നിങ്‌സിലെങ്കിലും കളിക്കാന്‍ തയാറാകണം. പക്ഷേ, ഇതെല്ലാം രോഹിതിനോട് ആര് പറയും. സാധരണ ക്രിക്കറ്റ് കളിക്കാന്‍ ആരെങ്കിലും രോഹിതന് നിര്‍ദേശം നല്‍കണം. എന്റെ സമയത്ത് സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ സാധാരണ ക്രിക്കറ്റ് കളിക്കാന്‍ എന്നോട് പറയുമായിരുന്നു,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *